ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഉല്ലാസയാത്രകള്‍ പുനരാരംഭിക്കുന്നു
ഓഗസ്റ്റ് മുതല്‍ എട്ട് സ്ഥലങ്ങളിലേക്കാണ് യാത്രകള്‍
ഇരിങ്ങാലക്കുട: ആവശ്യത്തിന് വണ്ടിയും ഡ്രൈവര്‍മാരും ഇല്ലാത്തതിനാല്‍ നിര്‍ത്തലാക്കിയ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിക്കുന്നു. അവധി ദിവസങ്ങളില്‍ നടത്തിവന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം, നെല്ലിയാമ്പതി, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മലക്കപ്പാറ, സൈലന്റ് വാലി, ഗവി എന്നിവിടങ്ങളിലേക്കാണ് ഓഗസ്റ്റ് മാസം മുതല്‍ ഉല്ലാസയാത്രകള്‍ പുനരാരംഭിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരോ ബസുകളോ ഇല്ലാത്തതിനെ തുടര്‍ന്നാണ് ജൂണ്‍ മുതല്‍ ഉല്ലാസയാത്രകള്‍ നിര്‍ത്തിയത്. എന്നാല്‍ ഒട്ടേറെ പേരാണ് ഉല്ലാസയാത്രക്കായി ഓഫീസുമായി ബന്ധപ്പെടുന്നത്. അതുകൊണ്ടാണ് സര്‍വീസുകള്‍ പുരാരംഭിക്കുവാന് തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. നിലവില്‍ ഇരങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ അഞ്ച് ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. പൊതുസ്ഥലം മാറ്റത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് ഡ്രൈവര്‍മാരെ നല്‍കുമെന്ന് അധികാരികള്‍ അറിയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. ഉല്ലാസയാത്രകള്‍ക്കായി സനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ശനി ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ കിട്ടുന്ന ബസും അംഗീകൃത അവധിയുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി ഉല്ലാസയാത്രകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഓണം അവധി ദിവസങ്ങളില്‍ എല്ലാദിവസങ്ങളിലും ഉല്ലാസ യാത്രകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നടത്തിയിരുന്ന ഉല്ലാസയാത്രകള്‍ക്ക് പുറമെ തിരുവോണനാള്‍ മുതല്‍ സൈലന്റ് വാലിയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒരാള്‍ക്ക് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും വള്ള സദ്യയും 1250 രൂപ, നെല്ലിയാമ്പതി 625, മലക്കപ്പാറ 430, മൂന്നാര്‍ ജംഗിള്‍ സഫാരി 900, വാഗമണ്‍ 1000, ഗവി 2250, വയനാട് 2900 എന്നിങ്ങനെയാണ് യാത്രാനിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9142626278, 8714062232, 0480 2823990.