ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം; വിമര്‍ശനങ്ങളുമായി പ്രതിപക്ഷം; പുതിയ അംഗങ്ങളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം. ആകെ 25 കോടി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് യോഗം അംഗീകരിച്ചത്. പിഎംഎവൈ ലൈഫ് പദ്ധതിക്ക് ഒരു കോടി അറുപത്തിയഞ്ച് ലക്ഷവും കാര്‍ഷിക മേഖലക്ക് 65 ലക്ഷവും ശിശുക്കള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 35 ലക്ഷവും വയോജനങ്ങളുടെ ക്ഷേമത്തിന് 35 ലക്ഷവും സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും 68 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. പൊതുമരാമത്ത് റോഡുകള്‍ക്ക് എട്ട് കോടിയും ശുചിത്വ മാലിന്യ സംസ്കരണത്തിനും ജല വിതരണത്തിനും രണ്ട് കോടി 75 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി അംഗീകരിക്കാന്‍ പറ്റില്ലെന്നും ഭരണകക്ഷി അംഗങ്ങളുടെ വാര്‍ഡുകളിലേക്കാണ് കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നതെന്നും ഡിപിസിക്ക് പരാതി നല്‍കുമെന്നും കേന്ദ്രാവിഷ്കൃത ഫണ്ട് തോന്നിയ പോലെ ചിലവഴിക്കുകയാണെന്നും ടൈഡ് ഫണ്ടിന്റെ കാര്യം ആരും മുന്‍കൂട്ടി അറിഞ്ഞിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് വിമര്‍ശിച്ചു. ഏതാനും വാര്‍ഡുകളിലേക്ക് ഒരു കോടിയോളം രൂപ കേന്ദ്രീകരിക്കുകയാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയയും കുറ്റപ്പെടുത്തി. ഇക്കാര്യം ബന്ധപ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തതാണെന്നും വ്യക്തിപരമായ താല്പര്യങ്ങള് ഇക്കാര്യത്തില്‍ ഇല്ലെന്നും വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ വിശദീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളിലേക്കാണ് കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നതെന്നും ബിജെപി അംഗം സത്യങ്ങള്‍ മറച്ച് വയ്ക്കുകയാണെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ളിയും വ്യക്തമാക്കി. എന്നാല്‍ ഭരണകക്ഷി അംഗങ്ങളുടെ വിശദീകരണത്തില്‍ എല്‍ഡിഎഫിലെ നവാഗത അംഗങ്ങളായ കെ. പ്രവീണ്‍, ടി.കെ. ജയാനന്ദന് എന്നിവര്‍ തൃപ്തരായില്ല. പുതിയ അംഗങ്ങളെ വഞ്ചിക്കുകയാണെന്നും സുതാര്യമായല്ല കാര്യങ്ങള്‍ നടപ്പിലാക്കുന്നതെന്നും 13 ലക്ഷത്തിന്റെ കാര്യം മാത്രമേ തങ്ങളോട് പറഞ്ഞിരുന്നുള്ളുവെന്നും ഇരുവരും തുറന്നടിച്ചു. ടൈഡ് ഫണ്ട് എന്ന പ്രയോഗം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്തും പറഞ്ഞു. കിഴക്കേ പുഞ്ചപ്പാടത്തില്‍ മോട്ടോര്‍ ഷെഡിനായി മൂന്ന് ലക്ഷം രൂപ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് സിപിഐ അംഗം അല്‍ഫോണ്‍സ തോമസും പറഞ്ഞു. അംഗങ്ങളായ എം.ആര്. ഷാജു, ടി.കെ. ഷാജു, നസീമ കുഞ്ഞുമോന്, അമ്പിളി ജയന്, ബിജു പോള്‍ അക്കരക്കാരന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.