വോട്ടുചോർച്ചയിൽ നെടുവീർപ്പിട്ട് യുഡിഎഫ്; എൽഡിഎഫിനും എൻഡിഎക്കും നേട്ടം
ഇരിങ്ങാലക്കുട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫും, എന്‍ഡിഎയും നേട്ടമുണ്ടാക്കിയപ്പോള്‍ യുഡിഎഫിനു വോട്ടു ചോര്‍ച്ച. 2016 ല്‍ 1,48,654 വോട്ടുകളില്‍ നിന്നും ഇത്തവണ 1,55,179 വോട്ടുകളായി വര്‍ധിക്കുകയായിരുന്നു. വോട്ടുകളുടെ എണ്ണത്തില്‍ 6525 വോട്ടുകളുടെ വര്‍ധനവ് ഉണ്ടായിട്ടും യുഡിഎഫിന് 475 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59,730 വോട്ടുണ്ടായിരുന്ന എല്‍ഡിഎഫ് 2763 വോട്ട് വര്‍ധിപ്പിച്ച് 62,493 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30,420 വോട്ടുണ്ടായിരുന്ന എന്‍ഡിഎ ഇക്കുറി 3909 വോട്ടുകള്‍ വര്‍ധിപ്പിച്ച് 34,329 വോട്ടുകള്‍ നേടി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57,019 വോട്ടുകള്‍ ഉണ്ടായിരുന്ന യുഡിഎഫിനു ഇക്കുറി 56,544 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 475 വോട്ടുകള്‍ യുഡിഎഫിനു കുറയുകയായിരുന്നു. കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകള്‍ പോലും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേടാനായില്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ യുഡിഎഫ് ലീഡ് ചെയ്ത വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളില്‍ ഇത്തവണ എല്‍ഡിഎഫ് ലീഡ് ചെയ്തു. പടിയൂര്‍, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളില്‍ ഇടതു മുന്നണി നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത വോട്ടുകളുടെ ലീഡാണു എല്‍ഡിഎഫിനു ലഭിച്ചത്.
2021 നിയമസഭാ തെരഞ്ഞെടുപ്പ്
ലീഡ് നില, ഭൂരിപക്ഷം ബ്രാക്കറ്റില്‍
പടിയൂര്‍ പഞ്ചായത്ത് (എല്‍ഡിഎഫ്-2402)
എല്‍ഡിഎഫ്-5781, യുഡിഎഫ്-3379, എന്‍ഡിഎ-3474
കാട്ടൂര്‍ പഞ്ചായത്ത് (എല്‍ഡിഎഫ്-913)
എല്‍ഡിഎഫ്-4939, യുഡിഎഫ്-4026, എന്‍ഡിഎ-2284
പൂമംഗലം പഞ്ചായത്ത് (എല്‍ഡിഎഫ്-496)
എല്‍ഡിഎഫ്-3203, യുഡിഎഫ്-2707, എന്‍ഡിഎ-1967
കാറളം പഞ്ചായത്ത് (എല്‍ഡിഎഫ്-2386)
എല്‍ഡിഎഫ്-6534, യുഡിഎഫ്-4148, എന്‍ഡിഎ-3908
വേളൂക്കര പഞ്ചായത്ത് (എല്‍ഡിഎഫ്-276)
എല്‍ഡിഎഫ്-7448, യുഡിഎഫ്-7172, എന്‍ഡിഎ-4388
മുരിയാട് പഞ്ചായത്ത് (എല്‍ഡിഎഫ്-1477)
എല്‍ഡിഎഫ്-8030, യുഡിഎഫ്-6553, എന്‍ഡിഎ-3570
ആളൂര്‍ പഞ്ചായത്ത് (എല്‍ഡിഎഫ്-31)
എല്‍ഡിഎഫ്-10985, യുഡിഎഫ്-10954, എന്‍ഡിഎ-4358
പൊറത്തിശേരി മേഖല (എല്‍ഡിഎഫ്-1833)
എല്‍ഡിഎഫ്-8877, യുഡിഎഫ്-7044, എന്‍ഡിഎ-5680
ഇരിങ്ങാലക്കുട ടൗണ്‍ മേഖല (യുഡിഎഫ്-3822)
എല്‍ഡിഎഫ്-5046, യുഡിഎഫ്-8868, എന്‍ഡിഎ-4056
ഇരിങ്ങാലക്കുടയില്‍ ഇടതു തേരോട്ടം, ചെമ്പട്ടയണിഞ്ഞ് പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതു തേരോട്ടമായിരുന്നു. പ്രഫ. ആര്. ബിന്ദു വിജയിച്ചത് 5949 വോട്ടുകള്‍ക്ക്. കഴിഞ്ഞ തവണ 2711 വോട്ടുകള്‍ക്കു എല്‍ഡിഎഫിലെ പ്രഫ. കെ.യു. അരുണന് വിജയിച്ചിരുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കുവാന്‍ ഇത്തവണ സാധിച്ചു. ഏറെ കാലമായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണയാണ് പ്രഫ. കെ.യു. അരുണനിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചത്. മണ്ഡലത്തില്‍ വിജയം നിലനിര്‍ത്താനായതിന്റെ ആഹഌദത്തിലാണു ഇടതുമുന്നണി പ്രവര്‍ത്തകര്‍. ഇടതുമുന്നണിയിലെ പ്രഫ. ആര്. ബിന്ദു 62,493 വോട്ടുകളും യുഡിഎഫിലെ അഡ്വ. തോമസ് ഉണ്ണിയാടന് 56,544 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകളുമാണ് നേടിയത്. സ്വതന്ത്രന്മാരായ വാക്സറിന്‍ പെരേപ്പാടന് 536, ജോഷി 305, ബിന്ദു ബാലചന്ദ്രന് 220, ബിന്ദു ശിവദാസന്‍ 162 എന്നിങ്ങനെ വോട്ടുകള്‍ നേടിയപ്പോള്‍ നോട്ട 590 വോട്ടും നേടി. ഇരിങ്ങാലക്കുട നഗരസഭയിലെ ടൗണ്‍ മേഖലയില്‍ യുഡിഎഫും കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് നേടി. വോട്ടെണ്ണലിന്റെ ആദ്യ നിമിഷം മുതല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയായിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ആദ്യം എണ്ണിയ കാട്ടൂര്‍ പഞ്ചായത്തു മുതല്‍ അവസാനം എണ്ണിയ ആളൂര്‍ പഞ്ചായത്തു വരെ ലീഡ് ഉയര്‍ത്തി കൊണ്ടു വരുകയായിരുന്നു. ഇതിനിടയില്‍ ഇരിങ്ങാലക്കുട ടൗണിലെ ബൂത്തുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് ലീഡ് നില അല്പം കുറഞ്ഞത്. വോട്ടണ്ണലില്‍ മൂന്നു ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാറ് മൂലം ഫലം ലഭിക്കാതെ വന്നതിനാല്‍ ഈ യുണിറ്റികളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയാണു വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ലഭിച്ച 4758 പോസ്റ്റല്‍ വോട്ടുകളില്‍ 683 വോട്ടുകള്‍ അസാധുവായി. ക്രമ നമ്പര്‍ തെറ്റിയതും, യഥാ സ്ഥാനങ്ങളില്‍ പേര് രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണു വോട്ടുകള്‍ അസാധുവായത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ടര്‍മാര്‍ 1,91,743
പോള്‍ ചെയ്തത് 1,48,654
കെ.യു. അരുണന് (സിപിഎം) 59,730
തോമസ് ഉണ്ണിയാന്‍ (കേരള കോണ്‍ഗ്രസ്) 57,019
സന്തോഷ് ചെറാക്കുളം (ബിജെപി) 30420
ഭൂരിപക്ഷം(എല്‍ഡിഎഫ്) 2711
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫ് 57481
എല്‍ഡിഎഫ് 46091
ബിജെപി 42857
ഭൂരിപക്ഷം (യുഡിഎഫ്) 11390