ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രതി മുഹമ്മദ് ഇര്ഫാന്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ തൃശൂര്‍ സ്വദേശിയില്‍ നിന്നും 2.37 കോടി രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക കൊപ്പല്‍ ജില്ലയില്‍ അന്നൂര്‍ സ്വദേശിയായ മുഹമ്മദ് ഇര്ഫാന് (25) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലിസ് കര്‍ണാടകയിലെ ഹൊസപേട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരാതിക്കാരനുമായി പരിചയപ്പെട്ട തട്ടിപ്പ് സംഘം പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍ സക്സസ് ടുഗെദര്‍, വിഐപി സര്‍വീസ് 333 എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്താണ് തട്ടിപ്പിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സാം പ്രോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷമാണ് 2026 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 2,37,50,000 രൂപ അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയത്.
എന്‍സിആര്‍പി പോര്‍ട്ടല്‍ വഴി നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പണമൊഴുക്കിന്റെ നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും ഔറംഗബാദിലെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയ തുകയില്‍ നിന്ന് 2,19,000 രൂപ നാല് തവണകളായി മുഹമ്മദ് ഇര്‍ഫാന്റെ പേരിലുള്ള കൊപ്പലിലെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഈ തുക ചെക്കുകള്‍ മുഖേന പിന്‍വലിച്ച് മറ്റൊരാള്‍ക്ക് കൈമാറിയതായും ഇതിന് കമ്മീഷനായി 2,900 രൂപ ലഭിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലിസ് ഇന്‍സ്പെക്ടര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ആല്‍ബി തോമസ് വര്‍ക്കിയും സംഘവും 20ന് ഹൊസപേട്ടിലെത്തി. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് കര്‍ണ്ണാടക കൊപ്പല്‍ ജില്ലാ പൊലിസ് മേധാവിയെ വിവരം അറിയിച്ചത് പ്രകാരം ഹൊസപേട്ട ടൗണ്‍ പൊലിസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസപേട്ട ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് വാറണ്ട് നേടിയ ശേഷമാണ് പ്രതിയെ ഇരിങ്ങാലക്കുടയിലെത്തിച്ചത്.
തുടര്‍ന്ന് ഇരിങ്ങാലക്കുട ജെഎ്സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയില്‍ നിന്നും വിവിധ ബാങ്കുകളുടെ ചെക്ക് ലീഫുകളും ഒന്‍പത് എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. പ്രതിക്ക് അഞ്ച് വ്യത്യസ്ത ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളതായും കണ്ടെത്തി. ഒരു ലക്ഷം രൂപയുടെ ഇടപാടിന് ആയിരം രൂപ എന്ന നിരക്കില്‍ കമ്മീഷന് വ്യവസ്ഥയിലാണ് തട്ടിപ്പുകളില്‍ പങ്കാളിയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കേരളത്തിലെ മഞ്ചേരി പൊലിസ് സ്റ്റേഷനിലും ഗുജറാത്തിലെ സൂറത്ത് സിറ്റി സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍സിആര്‍പി പരാതികളിലും പ്രതിക്ക് പങ്കുള്ളതായി അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ ക്രൈം പൊലിസ് ഇന്‍സ്പെക്ടര്‍ കെ.സി. ബൈജു, സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, പി.എസ്. സുജിത്ത്കുമാര്‍, സിപിഒമാരായ സി.കെ. ലാലുപ്രസാദ്, എന്‍.എ. സച്ചിന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ക്രൈസ്റ്റ് വിദ്യാനികേതന്‍ സില്‍വര്‍ ജൂബിലി ആഘോഷം; ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ബൈപ്പാസ് റോഡിന് ശാപമോക്ഷം; ടാറിംഗ് തുടങ്ങി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു