ഇരിങ്ങാലക്കുടയില്‍ 98 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി നഗരസഭാ ഭരണസമിതി
പദ്ധതികളുടെ ലിസ്റ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നല്കാന് വൈകി; വിമര്‍ശനവുമായി എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍
ഇരിങ്ങാലക്കുട: നഗരസഭയുടെ 2026 27 ലെ 98 കോടിയുടെ പുതുക്കിയ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അനുമതി. നവതി ആഘോഷങ്ങളുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന 8.10 കോടി രൂപയുടെ പദ്ധതിക്കും മുനിസിപ്പല്‍ ഓഫീസിന്റെ മൂന്നാംനില കെട്ടിടനിര്‍മ്മാണത്തിന് 2.13 കോടിയും പൊറത്തിശേരി കണ്ടാരംതറ മൈതാനം നവീകരണം, പാര്‍ക്ക് നിര്‍മ്മാണം എന്നിവയ്ക്കായി 70.50 ലക്ഷം രൂപയും ടൗണ്‍ഹാള്‍ നവീകരണത്തിന് രണ്ടുകോടി, റിപ്പബ്ലിക് പാര്‍ക്ക് നവീകരണത്തിന്റെ ആദ്യഘട്ടത്തിന് 24 ലക്ഷം, മുനിസിപ്പല്‍ മൈതാനത്തിന്റെ നവീകരണത്തിന്റെ ആദ്യഘട്ടത്തിന് 21 ലക്ഷം രൂപയും ഞവരിക്കുളം നവീകരണത്തിന്റെ ആദ്യഘട്ടത്തിന് പത്തുലക്ഷം രൂപയുടെയും പദ്ധതികള്‍ക്കാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് വിനിയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ ലിസ്റ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നല്കാന് വൈകിയത് എല്‍ഡിഎഫ്, ബിജെപി അംഗങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കി.
പൊറത്തിശേരി പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേര്‍ത്ത ശേഷം പൊറത്തിശേരി മേഖലയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാളിന്റെ നിലവിലെ അവസ്ഥയടക്കം ചൂണ്ടികാട്ടി പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. മേഖലയില്‍ ശുദ്ധജലവിതരണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പട്ടു. എന്നാല്‍ ടാറിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കാനുണ്ടായ കാലതാമസമാണ് പദ്ധതി രൂപവത്കരിച്ച് അറിയിക്കുന്നത് വൈകാന്‍ ഇടയാക്കിയതെന്ന് യോഗത്തില്‍ അധ്യക്ഷനായ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭ്യമാക്കുന്നതിനാണ് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ച് ഉടന്‍ പദ്ധതിയുടെ അംഗീകാരം തേടുന്നതെന്നും കണ്ടാരംതറ മൈതാനം നവീകരണം അടക്കമുള്ള പദ്ധതികളാണ് കൗണ്‍സില്‍ യോഗം പരിഗണിക്കുന്നതെന്നും പൊറത്തിശേരി പ്രദേശത്തെക്കൂടി ഉള്‍ക്കൊണ്ടാണ് ഈ കൗണ്‍സില്‍ മുന്നോട്ട് പോകുന്നതെന്നും എം.പി. ജാക്സണ് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സില്‍ നാല് പുതിയ ഗവേഷണ കേന്ദ്രങ്ങള്‍; എസ്ജെസി ഐസ്പാര്ക്ക് പ്രവര്‍ത്തനമാരംഭിച്ചു
ജീവനക്കാരില്ല; ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ക്കും ബ്രേക്ക്ഡൗണ്‍
സെന്റ് ജോസഫ്സ് കോളജില്‍ ബയോക്രിപ്സിസ് അന്താരാഷ്ട്ര സെമിനാര്‍
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു