ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് പ്രഫ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വിജയ ദീപമായി പ്രഫ. ആര്. ബിന്ദു. കഴിഞ്ഞ തവണ തിരിച്ചുപിടിച്ച മണ്ഡലം നിലനിര്‍ത്താനായതിന്റെ ആഹഌദത്തിലാണു ഇടതുമുന്നണി പ്രവര്‍ത്തകര്‍. 5949 വോട്ടുകള്‍ക്കാണു പ്രഫ. ആര്. ബിന്ദു വിജയിച്ചത്. കഴിഞ്ഞ തവണ 2711 വോട്ടുകള്‍ക്കു എല്‍ഡിഎഫിലെ പ്രഫ. കെ.യു. അരുണന് വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് നടന്നത്. ഇടതുമുന്നണിയിലെ പ്രഫ. ആര്. ബിന്ദു 62,493 വോട്ടുകളും യുഡിഎഫിലെ അഡ്വ. തോമസ് ഉണ്ണിയാടന് 56,544 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകളുമാണ് നേടിയത്. ഇരിങ്ങാലക്കുട നഗരസഭയിലെ ടൗണ്‍ മേഖലയില്‍ യുഡിഎഫും കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് നേടി.
യുഡിഎഫിനു വോട്ടു ചോര്‍ച്ച, എല്‍ഡിഎഫിനും എന്‍ഡിഎക്കും വോട്ട് വര്‍ധനവ്
ഇരിങ്ങാലക്കുട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫും, എന്‍ഡിഎയും നേട്ടമുണ്ടാക്കിയപ്പോള്‍ യുഡിഎഫിനു വോട്ടു ചോര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59,730 വോട്ടുണ്ടായിരുന്ന എല്‍ഡിഎഫ് 2763 വോട്ട് വര്‍ധിപ്പിച്ച് 62,493 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30,420 വോട്ടുണ്ടായിരുന്ന എന്‍ഡിഎ ഇക്കുറി 3909 വോട്ടുകള്‍ വര്‍ധിപ്പിച്ച് 34,329 വോട്ടുകള്‍ നേടി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57,019 വോട്ടുകള്‍ ഉണ്ടായിരുന്ന യുഡിഎഫിനു ഇക്കുറി 56,544 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 475 വോട്ടുകള്‍ യുഡിഎഫിനു കുറയുകയായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് ലീഡ് ചെയ്ത വേളൂക്കരയും ആളൂരും ഇത്തവണ എല്‍ഡിഎഫ് ലീഡ് ചെയ്തു. പടിയൂര്‍, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളില്‍ ഇടതു മുന്നണി നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത വോട്ടുകളുടെ ലീഡാണു എല്‍ഡിഎഫിനു ലഭിച്ചത്. വോട്ടണ്ണലില്‍ മൂന്നു ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാറ് മൂലം ഫലം ലഭിക്കാതെ വന്നതിനാല്‍ ഈ യുണിറ്റികളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയാണു വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചത്.
അവസാന നിമിഷം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍
ഇരിങ്ങാലക്കുട: വോട്ടെണ്ണിതീരുന്നതിന്റെ അവസാന നിമിഷം വരെ മുന്നണി നേതാക്കളും പ്രവര്‍ത്തകരും ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ നിമിഷം മുതല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയായിരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ആദ്യം എണ്ണിയ കാട്ടൂര്‍ പഞ്ചായത്തു മുതല്‍ അവസാനം എണ്ണിയ ആളൂര്‍ പഞ്ചായത്തു വരെ ലീഡ് ഉയര്‍ത്തി കൊണ്ടു വരുകയായിരുന്നു. ഇതിനിടയില്‍ ഇരിങ്ങാലക്കുട ടൗണിലെ ബൂത്തുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് ലീഡ് നില അല്പം കുറഞ്ഞത്.
683 വോട്ടുകള്‍ അസാധുവായി
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ലഭിച്ച 4758 പോസ്റ്റല്‍ വോട്ടുകളില്‍ 683 വോട്ടുകള്‍ അസാധുവായി. ക്രമ നമ്പര്‍ തെറ്റിയതും, യഥാ സ്ഥാനങ്ങളില്‍ പേര് രേഖപ്പെടുത്താതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണു വോട്ടുകള്‍ അസാധുവായത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണു ജനവിധി- ഇടതുമുണി
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവുമാണു ജനവിധിയെന്നു ഇടതുപക്ഷ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, പി. മണി എന്നിവര്‍ പറഞ്ഞു. പ്രചരണ വേളയില്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്താനും വിവാദങ്ങള്‍ സൃഷ്ടിക്കാനുമാണു യുഡിഎഫും എന്‍ഡിഎയും ശ്രമിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണു തെരഞ്ഞെടുപ്പ് ഫലം. പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുമെന്നും ഇടതുപക്ഷ നേതൃത്വം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ അഞ്ചു വര്‍ഷകാലം ഇടതുപക്ഷ ജനാധിപത്യം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണ് കണ്ടതെന്നും അരുണന് മാസ്റ്റര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണു ഈ വിജയമെന്നും സിപിഐ സംസ്ഥാന നേതാവായ ഉല്ലാസ് കളക്കാട്ട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ അഞ്ചു വര്‍ഷം പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതുപോലെ തന്നെ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ടെന്നും തങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.