തികഞ്ഞ ആത്മവിശ്വാസത്തില്, കണക്കുകള് കൂട്ടിയും കിഴിച്ചും മുന്നണികള്…..വിജയം ഉറപ്പിച്ച് സ്ഥാനാര്ഥികള്……
ഇരിങ്ങാലക്കുട: വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണു സ്ഥാനാര്ഥികള്. കണക്കുകള് കൂട്ടിയും കിഴിച്ചുമാണു വിജയം തങ്ങള്ക്കാണെന്നു സ്ഥാനാര്ഥികളും മുന്നണികളും ഉറപ്പിക്കുന്നത്. മുന് തെരഞ്ഞെടുപ്പിലെ കണക്കുകളെ അടിസ്ഥാനമാക്കിയാണു ഇത്തവണയും വിജയം കണക്കാക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണു യുഡിഎഫ് സ്ഥാനാര്ഥി അഡ്വ. തോമസ് ഉണ്ണിയാടനുള്ളത്. കഴിഞ്ഞ തവണത്തെ വിജയം ആവര്ത്തിക്കുമെന്ന പ്രതീക്ഷയാണു ഇടതുമുന്നണി സ്ഥാനാര്ഥി പ്രഫ. ആര് ബിന്ദുവിനുള്ളത്. തന്റെ വ്യക്തി പ്രഭാവത്തില് വിജയം ഉറപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണു ബിജെപി സ്ഥാനാര്ഥി ഡോ. ജേക്കബ് തോമസ്. 2016 ല് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് മൊത്തം 1,91,743 വോട്ടര്മാരാണ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില് ഉണ്ടായിരുന്നത്. അതില് 1,48,654 പേര് വോട്ടുകള് രേഖപ്പെടുത്തി. അന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാര്ഥി സിപിഎമ്മിലെ പ്രഫ. കെ.യു. അരുണനു ലഭിച്ചത് 59,730 വോട്ടുകളാണ്. തൊട്ടടുത്ത സ്ഥാനാര്ഥി ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്ഥി കേരള കോണ്ഗ്രസി (എം) ലെ തോമസ് ഉണ്ണിയാടനു ലഭിച്ചത് 57,019 വോട്ടുകളാണ്. ബിജെപി സ്ഥാനാര്ഥി സന്തോഷ് ചെറാക്കുളത്തിനു ലഭിച്ചത് 30,420 വോട്ടുകളും. പ്രഫ. കെ.യു. അരുണന് മാസ്റ്റര് 2711 ഭൂരിപക്ഷം വോട്ടുകള്ക്കാണ് വിജയിച്ചത്. എന്നാല് 2019 ല് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില് ഈ സ്ഥിതി മൊത്തം മാറുന്ന കാഴ്ചയാണ് കണ്ടത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് നിന്നും യുഡിഎഫ് സ്ഥാനാര്ഥി ടി.എന്. പ്രതാപനു 57,481 വോട്ടുകള് ലഭിച്ചപ്പോള് എല്ഡിഎഫ് സ്ഥാനാര്ഥി രാജാജി മാത്യു തോമസിനു നേടാനായത് 46,091 വോട്ടുകളാണ്. 11,390 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. അതിനെക്കാള് ഉപരിയായി ബിജെപി സ്ഥാനാര്ഥി സുരേഷ് ഗോപി 42,857 വോട്ടുകള് നേടിയത് പലരേയും അമ്പരപ്പിച്ചു. അതിനുശേഷം 2020 ഡിസംബര് മാസത്തില് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് വീണ്ടും കണക്കുകള് മാറിമറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ പരിധിയില് വരുന്ന പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലും കൂടി ഇടതുപക്ഷ മുന്നണിക്ക് 62,785 വോട്ടുകള് ലഭിച്ചപ്പോള് ഐക്യജനാധിപത്യ മുന്നണിയുടെ വോട്ടുകള് 51,722 ആയി കുറഞ്ഞ കാഴ്ചയാണ് കാണാനായത്. എല്ഡിഎഫിനു 11,063 വോട്ടുകള് കൂടുതല് ലഭിച്ചു. ബിജെപി 35,983 വോട്ടുകളാണ് നേടിയത്. ഈ ഏപ്രില് ആറിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് ആകെയുള്ള 2,01,886 വോട്ടര്മാരില് വോട്ടു രേഖപ്പെടുത്തിയത് 1,51,006 പേരാണ്. ഇതിനുപുറമെ 1904 പോസ്റ്റല് വോട്ടുകള് 80 വയസിനുമേലെ പ്രായമുള്ളവരുടെ 2294 വോട്ടുകള്, കോവിഡ് ബാധിതര് ചെയ്ത 266 വോട്ടുകള്, അംഗവൈകല്യരുടെ 117 വോട്ടുകള് എന്നിവ കൂട്ടി ചേര്ത്താല് മൊത്തം 1,55,587 പേര് വോട്ട് ചെയ്തിട്ടുണ്ട്. മുകളില് സൂചിപ്പിച്ച മൂന്നു കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള് ഇരിങ്ങാലക്കുടയില് ആര്ക്കായിരിക്കും വിജയം എന്ന പ്രവചിക്കാന് എളുപ്പമല്ല. യുഡിഎഫിനുവേണ്ടി മത്സരിച്ച അഡ്വ. തോമസ് ഉണ്ണിയാടന്, എല്ഡിഎഫിനുവേണ്ടി മത്സരിച്ച പ്രഫ. ആര്. ബിന്ദു, ബിജെപിക്കുവേണ്ടി മത്സരിച്ച ഡോ. ജേക്കബ് തോമസ് എന്നിവര് വീറും വാശിയുമുള്ള മത്സരമാണ് കാഴ്ചവെച്ചതെന്നു നിസംശയം പറയാം. മൂന്നു മുന്നണികളും 50,000 നുമേല് വോട്ടുകള് പിടിക്കുമെന്നു അവകാശവാദമാണ് ഉന്നയിച്ചിട്ടുള്ളത്. അത് യാഥാര്ഥ്യമാകുകയാണെങ്കില് ബാക്കിയുള്ള 6000 വോട്ടുകളായിരിക്കും ഇരിങ്ങാലക്കുടയുടെ വിധി നിര്ണയിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില് ലഭിച്ച വോട്ടുകളും ഇടതുസര്ക്കാരിനെതിരായ തരംഗവുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. അഡ്വ. തോമസ് ഉണ്ണിയാടന് ജയിക്കുമെന്നു തങ്ങള്ക്കു യാതൊരുവിധ സംശയവും ഇല്ലെന്നു യുഡിഎഫ് വൃത്തങ്ങള് ഉറപ്പിച്ചു പറയുന്നു. മാസങ്ങള്ക്കു മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില് ലഭിച്ച വോട്ടുകളും പിണറായി സര്ക്കാരിന്റെ ഭരണതുടര്ച്ചയ്ക്കുള്ള പിന്തുണകൂടി കണക്കിലെടുക്കുമ്പോള് പ്രഫ. ആര്. ബിന്ദു നിസംശയം വിജയം കൈവരിക്കുമെന്നാണ് എല്ഡിഎഫ് വൃത്തങ്ങള് പറയുന്നത്. എന്നാല് ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎയ്ക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് പടിപടിയായി ഉണ്ടായികൊണ്ടിരിക്കുന്ന വോട്ട് വര്ധനയും ഒരു താരപരിവേശത്തോടെ കടന്നുവന്ന ഡോ. ജേക്കബ് തോമസിന്റെ സ്ഥാനാര്ഥിത്വംകൂടി കണക്കിലെടുക്കുമ്പോള് ഇക്കുറി ഇരിങ്ങാലക്കുടയില് താമര വിരിഞ്ഞാല് അത്ഭുതപ്പെടേണ്ടതില്ലായെന്നാണ് ബിജെപി വൃത്തങ്ങള് സൂചിപ്പിക്കുന്നത്.
- 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ടര്മാര് 1,91,743
പോള് ചെയ്തത് 1,48,654
കെ.യു. അരുണന് (സിപിഎം) 59,730
തോമസ് ഉണ്ണിയാന് (കേരള കോണ്ഗ്രസ്) 57,019
സന്തോഷ് ചെറാക്കുളം (ബിജെപി) 30420
ഭൂരിപക്ഷം(എല്ഡിഎഫ്) 2711 - 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫ് 57481
എല്ഡിഎഫ് 46091
ബിജെപി 42857
ഭൂരിപക്ഷം (യുഡിഎഫ്) 11390
2021 ലെ പോളിംഗ് നില
ബൂത്തുകളില്-1,51,006
പോസ്റ്റല്-1904
കോവിഡ് രോഗികള്-266
വികലാംഗര്-117
80 വയസിനു മുകളിലുള്ളവര്-2294
ആകെ-1,55,587