ജീവനക്കാരില്ല; ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ക്കും ബ്രേക്ക്ഡൗണ്‍
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സെന്റര്‍.
ഒമ്പത് കണ്ടക്ടര്‍മാരുടെയും എട്ട് ഡ്രൈവര്‍മാരുടെയും ഒഴിവുകള്‍ നികത്തിയില്ല; പ്രതിമാസം ഏഴു ലക്ഷം രൂപയുടെ അധികവരുമാനം നിലച്ചു
ഇരിങ്ങാലക്കുട: ജീവനക്കാരുടെ കുറവ് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. യാത്രക്കാരുടെ വലിയ പിന്തുണയോടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്ന ബജറ്റ് ടൂറിസം സെല്‍ (ബിടിസി) ഉല്ലാസയാത്രകള്‍ പോലും ജീവനക്കാരുടെ അഭാവത്തില്‍ നിലച്ചിരിക്കുകയാണ്. നവംബറില്‍ ഇതുവരെ ഒരു ഉല്ലാസയാത്രപോലും നടത്താനായിട്ടില്ല. നേരത്തെ ബിടിസി ട്രിപ്പുകള്‍ ഏകോപിപ്പിച്ചിരുന്ന ജീവനക്കാരന് ചുമതലയില്‍നിന്ന് പിന്മാറിയതോടെയാണ് യാത്രകള്‍ പ്രതിസന്ധിയിലായത്. പകരം ആളെ നിശ്ചയിച്ചെങ്കിലും ഉല്ലാസയാത്രകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും ബിടിസി യാത്രകളില്‍ സംസ്ഥാനത്ത് മുന്‍നിരയിലെത്തിയ ഇരിങ്ങാലക്കുട സെന്ററിന് ഇതോടെ വലിയ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓരോ മാസവും ശരാശരി ഏഴു ലക്ഷം രൂപയോളം അധികവരുമാനം നേടിക്കൊടുത്തിരുന്ന യാത്രകളാണ് അനിശ്ചിതത്വത്തിലായത്.
ഉല്ലാസയാത്രകള്‍ മാത്രമല്ല, പതിവ് സര്‍വീസുകളും ജീവനക്കാരുടെ കുറവുമൂലം മുടങ്ങുന്ന സ്ഥിതിയാണ്. ഒമ്പത് കണ്ടക്ടര്‍മാരുടെയും എട്ട് ഡ്രൈവര്‍മാരുടെയും ഒഴിവുകള്‍ നികത്താത്തതാണ് പ്രധാന പ്രതിസന്ധി. ഒരു ക്ലാര്‍ക്കിന്റെ ഒഴിവും പരിഹരിച്ചിട്ടില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് യൂണിറ്റിന്റെ പ്രവര്‍ത്തനം പഴയ നിലയിലാക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. ഗുരുവായൂര്‍, എറണാകുളം, തൃശൂര്‍ ഫാസ്റ്റ് ഉള്‍പ്പടെ മൂന്ന് സര്‍വീസുകള്‍ ജീവനക്കാരുടെ അഭാവത്തില്‍ പതിവായി റദ്ദാക്കേണ്ടിവരുന്നുണ്ട്. ഓഫീസ് ജോലികള്‍ക്കുപോലും ജീവനക്കാരില്ലാത്തതിനാല്‍ ഒരു കണ്ടക്ടറെ ഉപയോഗിച്ചാണ് നിലവില്‍ ക്ലാര്‍ക്കിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇതുമൂലം ഒരു സര്‍വീസ് കൂടി ഒഴിവാക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു.
മാസങ്ങള്‍ക്കുമുന്‍പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ കെഎസ്ആര്‍ടിസി എംഡിയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഇരിങ്ങാലക്കുട യൂണിറ്റിലെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്ന് തീരുമാനിച്ചിരുന്നു. ക്രമാനുസൃതമായി കണ്ടക്ടര്‍മാരെ നിയമിച്ച് യൂണിറ്റിനെ പഴയ പ്രതാപത്തിലേക്ക് തരച്ചുകൊണ്ടുവരുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കടലാസിലൊതുങ്ങിയതോടെ സര്‍വീസുകളും ഉല്ലാസയാത്രകളും പ്രതിസന്ധിയില്‍ തുടരുകയാണ്. ജീവനക്കാരെ അടിയന്തരമായി നിയമിച്ച് പതിവ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനൊപ്പം ജനപ്രീതി നേടിയ ബിടിസി ഉല്ലാസയാത്രകളും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താമരവളയം: റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ
പടിയൂരില്‍ രണ്ട് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോക്രിപ്സിസ് അന്താരാഷ്ട്ര സെമിനാര്‍
ബസ് സ്റ്റാന്‍ഡ് വികസനം: പഴയ കെട്ടിടങ്ങള്‍ ഒഴിയാന്‍ നഗരസഭയുടെ നോട്ടീസ്
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; 2.37 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തണ്ടര്‍: അവിട്ടത്തൂരില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍