തൃശൂര്‍ റൂറല്‍ പോലീസിന്റെ സ്ത്രീസുരക്ഷാ മേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകള്‍ ഇപ്പോഴും സജീവമാണെന്നും അറുപഴഞ്ചനും യാഥാസ്ഥിതികവുമായ മൂല്യസംഹിത സ്ത്രീകളുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. തൃശൂര്‍ റൂറല്‍ പോലീസിന്റെ സ്ത്രീസുരക്ഷാ മേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധിയായ അസമത്വങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും അവമതിപ്പുകളിലൂടെയുമാണ് ഇന്ത്യയില്‍ സ്ത്രീ ജീവിതം മുന്നോട്ടുപോകുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനും വയോജനങ്ങളെ പരിപാലിക്കുന്നതിനും ഉള്‍പ്പെടെ ജീവിതത്തില്‍ ഗണ്യമായ സമയം മാറ്റിവെയ്ക്കുന്ന സ്ത്രീകള്‍ക്ക് രണ്ടാംകിട സാമൂഹ്യപദവിയാണ് ലഭിക്കുന്നത്. സ്ത്രീപക്ഷ കേരളം എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജനമൈത്രി പോലീസ് സംവിധാനം അഭിമാനകരമാണ്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രത്യേക പരിഗണന നല്കാന് പോലീസിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശാരീരിക മാനസിക സൗഖ്യം, സാമ്പത്തിക ഭദ്രത, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, സഖി, സ്ത്രീ സംരംഭ കൂട്ടായ്മകളും ചൈല്‍ഡ് ലൈന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നയരൂപീകരണ ചര്‍ച്ചകള്‍, കൗണ്‍സിലിംഗ് സെഷനുകള്‍, അവബോധന പരിപാടികള്‍ എന്നിവ നടന്നു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്റെ, ക്രൈം ബ്രാഞ്ച് ഐജി ഹര്‍ഷിത ആട്ടലൂരി, മാള എസ്ഐ രമ്യ കാര്ത്തികേയന്, ഡിഐജി തൃശൂര്‍ റെയ്ഞ്ച് പുട്ട വിമലാദിത്യ, തൃശൂര്‍ റൂറല്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.