വീട്ടില്‍ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കരൂപ്പടന്നയില്‍ ഗൃഹനാഥന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിന് രണ്ട് പേര് അറസ്റ്റില്‍. മതിലകം സ്വദേശി കൊതുവില്‍ വീട്ടില്‍ താജുദ്ദീന് (39) മണ്ണുത്തി സ്വദേശി പണിക്കവീട്ടില്‍ നൗഫീല്‍ (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ബി. കുഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്.
ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരൂപ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ വാട്ടില്‍ സാദിഖിനാണ് ആക്രമണത്തില്‍ പരുക്കു പറ്റിയത്. പുലര്‍ച്ചെ കോളിംങ്ങ് ബെന്‍ ശബ്ദം കേട്ടു വാതില്‍ തുറന്ന സാദിഖിന്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പി വടികൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തി. സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞയുടനെ തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷും, ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പരാതിക്കാരനോടും സമീപവാസികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ ചടുലമായ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ അറസ്റ്റിലായത്.
വ്യക്തി വൈരാഖ്യം തീര്‍ക്കാന്‍ താജുദ്ദീന് തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളക്പൊടി ആക്രമണം. ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ ഇവിടെ എത്തി സാദിഖിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. സുഹൃത്തിന്റെ ബെക്കില് ആയുധവുമായെത്തിയായിരുന്നു ആക്രമണം. സാദിഖിന് തലയ്ക്കാണ് കൂടുതല്‍ പരുക്കേറ്റത്. അന്വേഷണത്തിന്റെ ആരംഭം മുതല്‍ മറ്റു പലരിലേക്കും വിരല്‍ ചൂണ്ടിയ കേസാണിത്. പുലര്‍ച്ചെയായതിനാല്‍ പ്രതികളുടെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്.
സംശയം തോന്നിയവരെ കാലതാമസം ഇല്ലാതെ കൃത്യമായി വെരിഫൈ ചെയ്തു ഒഴിവാക്കുകയായിരുന്നു അന്വേഷണത്തിന്റെ രീതി. കാളത്തോട് നിന്നാണ് ഒന്നാം പ്രതി നൗഫീലിനെ പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം കൂനമ്മാവില്‍ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബില്‍ വച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ പോലീസ് മഫ്തിയില്‍ പിന്തുടര്ന്നെത്തി പിടികൂടുകയായിരുന്നു.
എട്ടോളം ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് നൗഫീല്‍, 2018 ല്‍ മണ്ണുത്തി, സ്റ്റേഷനില്‍ ഒരു കൊലപാതക ശ്രമ കേസിലും, ഇതേ വര്‍ഷം ഒല്ലൂരിലും കൊലപാതക ശ്രമക്കേസിലും പ്രതിയായിരുന്നു. 2020 ലും 2023 ലും മൂന്ന് അടിപിടികേസിലും മണ്ണുത്തി സ്റ്റേഷനില്‍ ഇയാള്‍ പ്രതിയായിരുന്നു. കൂടാതെ 2021 ല്‍ ഒല്ലൂരില്‍ അടിപിടി കേസിലും ആയുധം കൈവശം വച്ചതിനും കേസുകളുണ്ട്. 2020 ല്‍ ചേര്‍പ്പില്‍ ദ്രേഹോപദ്ര കേസിലും പ്രതിയാണ് നൗഫീല്‍.
താജുദ്ദീന് 2006 ല്‍ മതിലകം സ്റ്റേഷനില്‍ അടിപിടി കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐമാരായ സി.എം. ക്ലീറ്റസ്, പി. ജയകൃഷ്ണന്, എഎസ്ഐ സൂരജ് വി. ദേവ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, എം.ആര്. രഞ്ജിത്ത്, എ.കെ. രാഹുല്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, കെ.ജെ. ഷിന്റോ, വിപിന്‍ ഗോപി, സൈബര്‍ സെല്‍ വിദഗ്ദന് പി.വി. രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.