സൗത്ത് ബണ്ട് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
മൂര്‍ക്കനാട്: കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 33, 35 ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വലിയപാലം സെന്ററില്‍ പ്രതിഷേധ സമരം നടത്തി. ആമ്പുലന്‍സ് ഉള്‍പ്പടെ നിരവധി വാഹനങ്ങളും, സ്കൂള്‍ വിദ്യാര്‍ഥികളും, ഒട്ടനവധി യാത്രക്കാരും ദിനം പ്രതി സഞ്ചരിക്കുന്ന റോഡാണ് സൗത്ത് ബണ്ട് ഇറിഗേഷന്‍ റോഡ്. അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഫണ്ട് രണ്ട് കോടി ആറ് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. പിന്നീട് വന്ന എംഎല്‍എമാര്‍ റോഡിന്റെ അറ്റകുറ്റപണി നടത്തുന്നതിന് തയ്യാറായില്ല. ഇപ്പോള്‍ റോഡ് കുണ്ടും കുഴിയുമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. മന്ത്രിയും, കൗണ്‍സിലറും, ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. റപ്പായി കോറോത്തുപറമ്പില്‍ അധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളകുട്ടി, കെ.ബി. ശ്രീധരന്, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ചിന്താധര്മ്മരാജന്, കെ.എ. അബൂബക്കര്‍, പി.വി. ജയന്, ടി.എം. ധര്മ്മരാജന് എന്നിവര്‍ പ്രസംഗിച്ചു.