പുതിയ ഇനം ചിലന്തികളുമായി ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം
July 6, 2020
Social media
ഇരിങ്ങാലക്കുട: വയനാടന്‍ കാടുകളില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രലോകത്തിനു കൗതുകമായി മൂന്നിനം പുതിയ ചിലന്തികളെ കണ്ടെത്തി. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന മാരാങ്കോ ജനുസില്‍ വരുന്ന പുതിയ ഇനം ചിലന്തിയേയുമാണു കണ്ടെത്തിയത്. മാരാങ്കോ ജനുസില്‍ വരുന്ന പുതിയ ഇനം ചിലന്തിയുടെ ശരീരത്തില്‍ സീബ്രയുടെ ശരീരത്തിലുള്ളതിനു സമാനമായ കറുപ്പും വെളുപ്പും വരകളുള്ളതു കൊണ്ടു മാരാങ്കോ സീബ്ര എന്ന ശാസ്ത്ര നാമമാണു നല്‍കിയിരിക്കുന്നത്. ലോകത്തു മറ്റൊരിടത്തുമില്ലാതെ വയനാട്ടിലെ ബത്തേരിയില്‍ മാത്രം കാണപ്പെടുന്ന രണ്ടാമത്തെ ഇനം പുതിയ ചിലന്തിക്കു മാരാങ്കോ ബത്തേരിയെന്‍സിസ് എന്ന ശാസ്ത്ര നാമമാണു നല്‍കിയിരിക്കുന്നത്. മാരാങ്കോ സീബ്രായുടെ നീളം നാലു മില്ലിമീറ്ററും മാരാങ്കോ ബത്തേരിയെന്സിസിന്റെ നീളം മൂന്നു മില്ലിമീറ്ററുമാണ്. മരത്തിന്റെ വിടവിലും മറ്റും താമസിക്കുന്ന ഇവ ചെറുപ്രാണികളെയാണു ഭക്ഷിക്കുന്നത്. ആണ് സീബ്ര ചിലന്തിയുടെ തല ഭാഗം ഓറഞ്ച് നിറത്തിലും ഉദരം തവിട്ടു മഞ്ഞ നിറത്തില്‍ കറുത്ത വരകളോടും കൂടിയതാണ്. പെണ് സീബ്ര ചിലന്തിയുടെ തലഭാഗം കറുത്തതും ഉദരം വെളുപ്പും കറുപ്പും വരകളോടും കൂടിയതാണ്. ബത്തേരി ചിലന്തിയുടെ തല ഓറഞ്ച് നിറത്തിലും ഉദരം മഞ്ഞ നിറത്തിലുമാണ്. ഉദരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലായി കാണുന്ന വെളുത്ത പൊട്ടുകളാണു ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ ജനുസില്‍ വരുന്ന മറ്റൊരിനം ചിലന്തിയെ ഇതിനു മുമ്പു കണ്ടെത്തിയിരിക്കുന്നത് ഹിമാലയന്‍ താഴ്വാരങ്ങളില് നിന്നാണ്. ഇപ്പോള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും അതേ ജനുസില്‍പ്പെട്ട ഈ രണ്ടു പുതിയ ചിലന്തികളുടെ കണ്ടെത്തല്‍ ലക്ഷകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു ഹിമാലയന്‍ താഴ്വാരങ്ങളില് നിന്നും ജീവജാലങ്ങള്‍ ജീവിക്കാന്‍ അനുയോജ്യമായ ഇടങ്ങള്‍ തേടി സത്പുര മലനിരയുടെ താഴ്വാരങ്ങളിലൂടെ പശ്ചിമഘട്ടത്തിലേക്കു പലായനം ചെയ്തുവെന്നു പറയപ്പെടുന്ന സത്പുര സിദ്ധാന്തത്തിനു പിന്തുണയേകുന്നതാണ്. അസിമോണിയ ക്രിസ്റ്റാറ്റ എന്ന ഇനം ചിലന്തിയെയാണു വയനാട്ടില്‍ നിന്നും കണ്ടെത്തിയ മറ്റൊരിനം ചിലന്തി. പച്ച ഇലകളില്‍ ചാടി നടക്കുന്ന ഇവയുടെ ആണ് ചിലന്തി കറുത്ത നിറത്തിലും പെണ് ചിലന്തി വെളുത്ത നിറത്തിലുമാണു കാണപ്പെടുന്നത്. നാലു മില്ലിമീറ്റര്‍ മാത്രം വലിപ്പം വെക്കുന്ന ഇവ ഇലയുടെ അടിയില്‍ സില്‍ക്ക് നൂലുപയോഗിച്ചു കൂടുണ്ടാക്കി അതിലാണു മുട്ടയിടുന്നത്. ചാട്ട ചിലന്തികളുടെ കുടുംബത്തില്‍ തന്നെ വരുന്ന പിരാന്തുസ് എന്ന ജനുസില്‍ വരുന്ന ചിലന്തിയെയാണു മുരിയാട് കോള്‍ നിലങ്ങളിലെ നെല്പാടങ്ങളില് നിന്നും പുതിയതായി കണ്ടെത്തിയത്. പിരാന്തുസ് പ്ലാനോലന്‍സിസ് എന്ന ശാസ്ത്രനാമമുള്ള ഇവയുടെ ആണ് ചിലന്തി കറുത്ത നിറത്തിലും പെണ് ചിലന്തി മഞ്ഞ നിറത്തിലുമുള്ളവയാണ്. ആറു മില്ലിമീറ്റര്‍ വലിപ്പമുള്ള ഇവ നെല്‍ച്ചെടിയുടെ ഉണങ്ങിയ ഇല മടക്കി കൂടുണ്ടാക്കിയാണു ജീവിക്കുന്നത്. മുഖ്യമായും ചാഴിപോലുള്ള ശത്രു കീടങ്ങളെ ഭക്ഷിക്കുന്ന ഇവ ജൈവീകകീട നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. വട്ട വല ചിലന്തി കുടുംബത്തില്‍ വരുന്ന മുള്ളന്‍ ചിലന്തി ജനുസില്‍പ്പെട്ട ഇനം ചിലന്തിയെയാണ് മുരിയാടില്‍ നിന്നും കണ്ടെത്തിയ മറ്റൊരിനം പുതിയ ചിലന്തി. ഫോറോണ്സിഡിയ് സെപ്റ്റമകലീറ്റ എന്ന ശാസ്ത്ര നാമമുള്ള ഇവയുടെ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലേക്കു ഉന്തി നില്ക്കുന്ന മുള്ളുകളാണു ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രി മാത്രമാണു പുറത്തിറങ്ങുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും കേരള സാമ്പത്തിക സഹായത്തോടു കൂടെയാണു പഠനങ്ങള്‍ നടത്തിയത്.
ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ചിലന്തി ഗവേഷകനായ ഡോ. വൈന്‍ പി. മാഡിസണ്‍, ശ്രീലങ്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ സയന്‍സിലെ ചിലന്തി ഗവേഷകനായ ഡോ. സുരേഷ് പി. ബെഞ്ചമിന്‍, കല്‍ക്കട്ട സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോണ്‍ കാലെവ്, ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥികളായ പി.പി. സുധിന്‍, കെ.എസ്. നഫിന്, എന്‍.വി. സുമേഷ് എന്നിവര്‍ പങ്കാളികളായി. ഇവരുടെ കണ്ടെത്തല്‍ റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോഡ സെലക്ട, ന്യൂസിലന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്സ, ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പെഖാമിയ എന്നീ അന്താരാഷ്ട്ര ശാസ്ത്ര മാസികകളുടെ അവസാന ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.