കേരളത്തെ പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കണം: മന്ത്രി ഡോ.ആര് ബിന്ദു
ഇരിങ്ങാലക്കുട: മലയാളികളായ പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ തേടി അന്യ നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര് ബിന്ദു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ടെക്ലെറ്റിക്സ് 22 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഓരോ കോളജും നവ സംരംഭകരുടെ പരിശീലന കളരിയാവുകയും സിലബസും തൊഴില്‍ നൈപുണ്യവും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിലെ റോബോട്ടിക്സ് ഗവേഷണ സംഘം പുതിയതായി അവതരിപ്പിക്കുന്ന ജല റോബോട്ട് ടെക്ഫെസ്റ്റിന്റെ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു. ഡാമുകളിലും മറ്റ് ജലാശങ്ങളിലും നൂറ് മീറ്റര്‍ വരെ ആഴത്തിലെത്തി നിരീക്ഷണം നടത്താന്‍ ഈ റോബോട്ടിന് കഴിയും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്മാന് ടി വി ചാര്‍ളി, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ.ജോയി പയ്യപ്പിള്ളി,ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി ജോണ്‍, ടെക്ലെറ്റിക്സ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ടി ആര് രാജീവ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അസിം ഷക്കീര്‍, ലിയോ ടി ഫ്രാന്‍സി, എം എം അബ്ദുല്‍ അഹദ് എന്നിവര്‍ പ്രസംഗിച്ചു. മെയ് ആറ് വരെ നീണ്ട് നില്ക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ഒന്‍പത് എക്സിബിഷനുകള്‍, ഒന്‍പത് സാങ്കേതിക ശില്പശാലകള്, പതിനൊന്ന് പ്രഭാഷണങ്ങള്‍, അന്‍പതോളം സാങ്കേതിക മത്സരങ്ങള്‍, ഇരുപത് കലാസാംസ്കാരിക മത്സരങ്ങള്‍ എന്നിങ്ങനെ നൂറ്റി ഇരുപതോളം ഇവന്റുകളാണ് അരങ്ങേറുക.