വില്പനക്കായി പരസ്യം നല്കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസിലെ വിരുതന് അറസ്റ്റിലായി
ഇരിങ്ങാലക്കുട: ചേര്‍പ്പില്‍ ഒഎല്‍എക്സില്‍ വില്പനക്കായി പരസ്യം നല്കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസിലെ വിരുതന് അറസ്റ്റിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സനെയാണ് (24) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു എന്നിവര്‍ അറസ്റ്റു ചെയ്തത്. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചുനോക്കുവാന് വാങ്ങി ബൈക്കുമായി കടന്നുകളഞ്ഞ ഇയാള്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളില്‍ പ്രതിയാണ്. രണ്ടു മാസം മുന്‍പാണ് ചേര്‍പ്പ് സ്വദേശിയായ യുവാവ് വാഹന പരസ്യ മാധ്യമമായ ഒഎല്‍എക്സില്‍ തന്റെ ആഡംബര ബൈക്ക് വില്ക്കുവാന് പരസ്യം നല്‍കിയത്. ഇതോടൊപ്പം ഫോണ്‍ നമ്പറും കൊടുത്തിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചന്വേഷിച്ചാണ് പ്രതി തൃശൂരിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങുന്നതിനായി അമ്മാടത്ത് എത്തിയത്. തൃശൂരിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്ത പരിചയം ഉണ്ടെങ്കിലും പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങളെക്കുറിച്ച് സുഹൃത്തിന് അറിവുണ്ടായിരുന്നില്ല. ബൈക്കു വാങ്ങാനുള്ള പണം തന്റെ കൈവശം ഉണ്ടെന്നും ഈ സമയം പ്രതി സുഹൃത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പരാതിക്കാരന് ജോലി സ്ഥലത്തായതിനാല്‍ ഇയാളുടെ സുഹൃത്താണ് ബൈക്കുമായി അമ്മാടത്ത് എത്തിയത്. തുടര്‍ന്ന് ബൈക്ക് കണ്ട് ഇഷ്ടപ്പെട്ട പ്രതി സുഹൃത്തിനെ ബൈക്ക് കൊണ്ടുവന്നയാളോടൊപ്പം നിറുത്തി ഓടിച്ചു നോക്കുവാനെന്ന രീതിയില്‍ ബൈക്കെടുത്ത് പോകുകയുമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബൈക്ക് കൊണ്ടുവന്നയാള്‍ക്കും പ്രതിയുടെ സുഹൃത്തിനും തങ്ങള്‍ ഇരുവരും ചതിക്കപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയേയും ബൈക്കും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസുകളില്‍ ഉള്‍പ്പെട്ടു സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതി. പതിവു പോലെ ബൈക്ക് തട്ടിയെടുത്ത ശേഷവും ഇയാള്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരികയായിരുന്നു. അവിടെ വെല്‍ഡിംഗ് ജോലിക്ക് പോയിരുന്നതായും പറയുന്നുണ്ട്. ഇയാളില്‍ നിന്ന് ബൈക്കും കണ്ടെടുത്തതായാണ് വിവരം. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ തല്പരനായ പ്രതിയെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മൂവാറ്റുപുഴ പോലീസിന്റെ കൂടി സഹായത്തോടെ ഇയാള്‍ താമസിച്ചിരുന്ന പഴയ ഇരുനില വാടക കെട്ടിടം പുലര്‍ച്ചെ മൂന്നു മണിയോടെ വളഞ്ഞ് സാഹസികമായി കയറി പിടികൂടിയത്. ഇതിനിടെ ഇറങ്ങി ഓടാനുള്ള വിഫല ശ്രമവും ഇയാള്‍ നടത്തി. പത്തനംതിട്ടയില്‍ വാഹന മോഷണത്തിനും, മലയാലപ്പുഴയില്‍ അടിപിടി കേസിലും പ്രതിയായ വിഷ്ണു വില്സന് തൃക്കാക്കരയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ്. ബൈക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചും ചില രൂപ മാറ്റം വരുത്തിയ നിലയിലുമാണ്. ചേര്‍പ്പ് എസ്ഐ ജെ. ജെയ്സണ്‍, എഎസ്ഐമാരായ മുഹമ്മദ് അഷറഫ്, കെ.എസ്. ഗിരീഷ്, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ കെ.എസ്. ഉമേഷ്, കെ.എസ്. സുനില്‍കുമാര്‍, സൈബര്‍ വിദഗ്ധന്‍ പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.