വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ ആദ്യ വാതക ശ്മശാനം പൂമംഗലത്ത്
നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ത്രിതലപഞ്ചായത്തുകളുടെ 70 ലക്ഷം രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട: ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൂമംഗലം ഗ്രാമപഞ്ചായത്തിലെ ശാന്തിതീരം വാതക ശ്മശാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ വാതക ശ്മശാനമാണ് ശാന്തിതീരം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് ഒരു പൊതുശ്മശാനം വെടിപ്പും വൃത്തിയുമുള്ള രീതിയില്‍ പരിഷ്കൃതമായി സജീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കായി മതനിരപേക്ഷമായ ഇടം ഒരു ഗ്രാമപഞ്ചായത്തില്‍ ഉണ്ടാവുക എന്നത് പ്രസക്തമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എന്നിവയുടെ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 70 ലക്ഷം രൂപയാണ് ചെലവ്. കോസ്റ്റ്ഫോര്‍ഡ് ആയിരുന്നു നിര്‍വഹണ ഏജന്‍സി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായ ലതാ ചന്ദ്രന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.