അവഗണനയില്‍…സുരക്ഷയില്ലാതെ കല്ലേറ്റുംകര സിഡ്കോ വ്യവസായ എസ്റ്റേറ്റ്
ഇരിങ്ങാലക്കുട: സിഡ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലേറ്റുംകര വ്യവസായ എസ്റ്റേറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം. 19 ചെറുകിട യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഈ എസ്റ്റേറ്റില്‍ സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല. 1968ല്‍ സ്ഥാപിച്ച എസ്റ്റേറ്റില്‍ സുരക്ഷയ്ക്കായി കമ്പികൊണ്ടുള്ള ചുറ്റുമതില്‍, റിംഗ് റോഡ്, ജലസേചനത്തിനും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മൂന്ന് ജീവനക്കാര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം നേരത്തേയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതര്‍ പിറകോട്ടുപോയി. ചുറ്റുമതിലില്ലാത്തതിനാല്‍ ഏതുഭാഗത്തു കൂടിയും ആര്‍ക്കും എസ്റ്റേറ്റില്‍ പ്രവേശിക്കാവുന്ന അവസ്ഥയാണ്. എസ്റ്റേറ്റ് വളപ്പില്‍ പാഴ്വസ്തുക്കളും മാലിന്യങ്ങളും കൊണ്ടിടുന്നതിനു പുറമേ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രം കൂടിയാണിവിടം. എസ്റ്റേറ്റില്‍ നിന്നു വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നത് പതിവാണ്. എസ്റ്റേറ്റിന്റെ ഭൂമി വിറ്റുകിട്ടുന്ന പണത്തിന്റെ 50 ശതമാനം എസ്റ്റേറ്റ് വികസനത്തിനായി വകമാറ്റാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ആ അക്കൗണ്ടില്‍ 24 ലക്ഷം രൂപയുള്ളപ്പോഴും അതില്‍ നിന്നു ഒരുരൂപ പോലും എസ്റ്റേറ്റ് വികസനത്തിനു ചെലവഴിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണു കല്ലേറ്റുംകര എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്കു കാരണം. നാള്‍ക്കുനാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞുവരുകയാണ്. എസ്റ്റേറ്റിലുണ്ടാകുന്ന വൈദ്യുതി തടസവും ജലസേചനത്തിനുള്ള ബുദ്ധിമുട്ടും പരിഹരിക്കാന്‍ നടപടി വേണം. ഇപ്പോള്‍ നിലവിലുള്ള ഓഫീസ് സ്ഥലം പൊളിച്ചുമാറ്റാനുള്ള നടപടികളാണ് അധികൃതര്‍ ചെയ്യുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നതും തൊഴില്‍ നല്‍കുന്നതും ഇത്തരം എസ്റ്റേറ്റുകളാണ്. എന്നാല്‍ ഇവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ ഇടപെടാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഏറെ നിവേദനങ്ങള്‍ക്കു ശേഷം കല്ലേറ്റുംകര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശോച്യാവസ്ഥയ്ക്ക്ു വകുപ്പുമന്ത്രിയുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടീട്ടില്ല.