കണ്ടു പഠിക്കണം, ഈ കുട്ടികളെ. കൃഷി പാഠം പഠിക്കുവാന്‍ അവര്‍ വയലിലിറങ്ങി
ഇരിങ്ങാലക്കുട: കൃഷിയുടെ ബാലപാഠം പഠിക്കുവാന്‍ നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ വയലിലിറങ്ങി. കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്തു വിദ്യാര്‍ഥികള്‍ ഞാറുനടീല്‍ നടത്തി. കാര്‍ഷിക ക്ലബ്, ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ്, യൂണിറ്റുകള്‍, ഹയര്‍ സെക്കന്‍ഡറി ഗൈഡ്സ് യൂണിറ്റ്, എസ്പിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്‍കൃഷി നടത്തിയത്.
കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.
മട്ടത്രിവേണി ഇനത്തില്‍പെട്ട നെല്‍ വിത്തിന്റെ ഞാറാണ് ഈ വര്‍ഷം ഉപയോഗിച്ചിരിക്കുന്നത്. കാര്‍ഷിക പരിപാലനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടവരമ്പ് സീഡ് ഫാമിലെ ഉദ്യോഗസ്ഥനായ സുനികുമാര്‍ കുട്ടികള്ക് നല്കി വരുന്നു. ഞാറുനടീല്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, എച്ച്എം ഒ.ആര്. ബിന്ദു, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ പി.എസ്. ബസന്ത് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എസ്. സുമ, എസ്. ഷമീര്‍, ഗൈഡ് ക്യാപ്റ്റന്‍ സ്വപ്ന, ഷീബ ജയചന്ദ്രന്, ബിജി എന്നിവര്‍ പങ്കെടുത്തു.