സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ വടക്കുംകര ഗവ. യുപി സ്കൂളിലെ എസ്എസ്കെയുടെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെവഴിച്ച് ഒരുക്കിയ 13 പ്രവര്‍ത്തന ഇടങ്ങളുള്ള മഴവില്‍ കൂടാരത്തിന്റെയും ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെയും സ്കൂള്‍ വാര്‍ഷികവും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശു സൗഹൃദമായി ആകര്‍ഷകവും വര്ണ്ണാഭവവുമായി വേണം കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ ഒരുക്കേണ്ടത്. ശാസ്ത്രീയമായ നിലയില്‍ പ്രകൃതിയെയും സമൂഹത്തെയും അറിയാനും ഭാഷാ വികസനം സാധ്യമാക്കാനും കണക്ക് കൃത്യമായ രീതിയില്‍ ഗ്രഹിച്ച് തുടങ്ങാനും ഉതകുന്ന രീതിയില്‍ കളികളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. മാതൃഭാഷയെയും നാടിനെയും മാതാപിതാക്കളെയുമൊക്കെ സ്നേഹിച്ചും മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചും വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ നിര്‍വഹിച്ചു. സമേതം – ഭരണഘടന ചുമര് പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എ. സന്തോഷ്, കത്രീന ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, ഹൃദ്യ അജീഷ്, വിദ്യാ കിരണം ജില്ലാ കോഡിനേറ്റര്‍ എന്‍.കെ. രമേഷ്, സ്കൂള്‍ പ്രധാന അധ്യാപകന് ടി.എസ്. സജീവന് എന്നിവര്‍ സംസാരിച്ചു.