പച്ചക്കുട; ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങും- മന്ത്രി ഡോ. ആര് ബിന്ദു
ഇരിങ്ങാലക്കുട: ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട സമഗ്ര കാര്‍ഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി മുഖ്യ ജീവിതമാര്‍ഗമായി ഏറ്റെടുത്തവരെ സഹായിക്കുക, പാടശേഖരങ്ങളിലും വിപണന കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, വിത്ത്, വളം എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, ഔഷധസസ്യങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിപണനം ഉയര്‍ത്തുക, മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനം കുടുംബശ്രീയിലൂടെ സാധ്യമാക്കുക എന്നിവ പച്ചക്കുടയിലൂടെ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കര്‍ഷകമേളയില്‍ നാടന്‍ കിഴങ്ങുവര്‍ഗവിളകള്‍, വിത്തുകള്‍, പച്ചക്കറി തൈകള്‍, ജീവാണു വളങ്ങള്‍, ജൈവ രാസവളങ്ങള്‍, അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, കുടുംബശ്രീ ഉത്പ്പന്നങ്ങള്‍, വിവിധ ഭക്ഷണ ഉത്പ്പന്നങ്ങള്‍, ലൈവ് ഫിഷ് കൗണ്ടര്‍, ഫുഡ് കോര്‍ട്ട് എന്നിങ്ങനെ വിപുലമായ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറും അനുബന്ധമായി നടക്കുന്നുണ്ട്. കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതി സൗജന്യ ഓണ്‍ലൈന്‍ രജിസ്ട്രേഷന്, ലബോറട്ടറിയുടെ പ്രദര്‍ശനവും പരിശീലനവും തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട കൃഷി അസി്റ്റന്റ് ഡയറക്ടര്‍ എസ് മിനി, കൃഷി ഓഫീസര്‍ യു എ ആന്‍സി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബി വെള്ളാനിക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.