കടകളുടെ പൂട്ടു പൊളിച്ച് മലഞ്ചരക്ക് കവര്‍ന്ന പ്രതി പിടിയില്‍
കാട്ടൂര്‍: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളില്‍നിന്നു ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടയ്ക്ക എന്നിവ രാത്രിയില്‍ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. വാടാനപ്പിള്ളി തിണ്ടിയത്ത് വീട്ടില്‍ ബാദുഷ (32) ആണ് പിടിയിലായത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ 80,000 രൂപയുടെ ജാതിപത്രി മോഷണം നടത്തിയിരുന്നു. അന്ന് വിരലടയാളം ലഭിച്ചതില്‍ പോലീസിന്റെറെ ലിസ്റ്റിലുള്ള ബാദുഷ എന്നയാളുടെയാണെന്ന് വ്യക്തമായിരുന്നു. ഇയാള്‍ സ്വന്തം വീട്ടില്‍ വന്നിരുന്നില്ല. എറണാകുളം ഭാഗത്തുള്ള ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. വാട്സ്ആപ്പ് കാള്‍ മാത്രം വിളിച്ചിരുന്നത് കൊണ്ട് ഇയാളുടെ ലൊക്കേഷന്‍ അറിയാനും പോലീസിനു ബുദ്ധിമുട്ട് ആയിരുന്നു. ഈ അടുത്ത് ഇയാള്‍ അപൂര്‍വം ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ കിട്ടുകയും ഇയാളുടെ ലൊക്കേഷന്‍ പോലീസിന് ലഭിക്കുകയും ചെയ്തു. സ്കൂട്ടറില്‍ ആണ് പ്രതി സഞ്ചരിച്ചിരുന്നത്. പകല്‍ സഞ്ചരിച്ച് കടകള്‍ നോക്കിവച്ച് രാത്രിയില്‍ വന്ന് പൂട്ട് പൊളിച്ച് സാധനങ്ങള്‍ കൊണ്ടുപോകുന്നതാണ് രീതി. പിന്നീട് ഇരിങ്ങാലക്കുട, മാള, തിരുവനന്തപുരം എന്നിങ്ങനെ പല കടകളില്‍ കൊണ്ടുപോയി കുറച്ചുവീതം കൊടുത്തു പണം വാങ്ങുകയാണ് പതിവ്. അങ്ങനെ അടിമാലിയില്‍നിന്നു ലക്ഷക്കണക്കിന് രൂപയുടെ കുരുമുളക് മോഷണംനടത്തി ഇയാള്‍ കോയമ്പത്തൂരിലേക്കു പോകുംവഴി കസബയില്‍ വച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു. നിരവധി സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ എസ്ഐ സുജിത്ത്, എസ്ഐ ഹബീബ്, ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ധനേഷ്, ജിതേഷ് ,ജോയ്മോന്, കിരണ്‍, അഭിലാഷ്, ശ്യാം എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.