പൊടിയിടല്‍ ഫലിക്കുന്നില്ല; അപകടഭീഷണി ഉയര്‍ത്തി റോഡിലെ കുഴികള്‍
ഇരിങ്ങാലക്കുട: നഗരസഭാപരിധിയിലെ റോഡുകളിലെ കുഴികളടയ്ക്കാന്‍ താത്കാലികമായി മണ്ണിട്ട് നികത്തിയത് ഫലപ്രദമായില്ല. ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് വഴി ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന റോഡ് എന്നിവിടങ്ങളിലെല്ലാം അപകടഭീഷണിയായിരുന്ന വലിയ കുഴികള്‍ രണ്ടുമാസം മുമ്പാണ് താത്കാലികമായി മണ്ണിട്ട് നികത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുഴികളിലെ മണ്ണെല്ലാംനീങ്ങി കൂടുതല്‍ അപകടഭീഷണിയായി മാറിയിരിക്കുകയാണ്.
ഇരിങ്ങാലക്കുട നഗരത്തിന്റെ പ്രധാനപ്പെട്ട വികസനനേട്ടമായി കൊട്ടിഘോഷിക്കുന്ന ബൈപാസ് റോഡില്‍ പല ഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. രണ്ടുമാസം മുമ്പ് ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍വീണ് അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് താത്കാലികമായി കല്ലും മണ്ണുമിട്ട് വലിയ കുഴികള്‍ അടച്ചിരുന്നെങ്കിലും ഇപ്പോള്‍ മണ്ണും കല്ലും പോയി റോഡില്‍ കുഴികളുടെ എണ്ണം വര്‍ധിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
കുഴികളുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. എകെപി ജംഗ്ഷനില്‍നിന്ന് ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുമ്പുള്ള വസ്ത്രവ്യാപാരശാലയ്ക്ക് മുന്നിലും റോഡുതകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ഭാഗത്തുനിന്നും സിവില്‍ സ്റ്റേഷന് ഭാഗത്തുനിന്നും വരുന്ന ബസുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് ഈ കുഴികള്‍.
നേരത്തെ മണ്ണിട്ട് അടച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കൂടുതല്‍ ആഴത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിന്റെ കുറച്ചുമാറി തെക്കുഭാഗത്തും വേറേയും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മെക്കാഡം ടാറിംഗ് നടത്തിയ ഈ പ്രധാന റോഡില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എല്ലാ മഴക്കാലത്തും ഇവിടെ ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെടാറുണ്ട്. ഓരോവര്‍ഷവും അധികൃതര്‍ താത്കാലികമായി കുഴികള്‍ അടയ്ക്കാറുണ്ടെങ്കിലും ഈ ഭാഗത്ത് പലയിടത്തായി വീണ്ടും റോഡുപൊളിഞ്ഞ് കുഴികള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്.
കുഴികളില്‍വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതലാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഓണത്തിന് മുമ്പായി പ്രധാന റോഡുകളിലെ കുഴികളടച്ച് യാത്രാദുരിതം പരിഹരിക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യവും നടപ്പായില്ല.