അവശനിലയില്‍ കിടന്നയാളുടെ മരണം, നരഹത്യക്ക് കേസ്, രണ്ടു പേര് അറസ്റ്റില്‍
ആളൂര്‍: അവശനിലയില്‍ കിടന്നയാളുടെ മരണം, നരഹത്യക്ക് കേസ്, രണ്ടു പേര് അറസ്റ്റില്‍. പാറേക്കാട്ടുകരയില്‍ അവശനിലയില്‍ കിടന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പില്‍ ജിന്റോ (28), കുവ്വക്കാട്ടില്‍ സിദ്ധാര്ത്ഥന് (63) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തത്.
തിരുവോണനാളിലാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ആറരയോടെ കള്ളുഷാപ്പിന് എതിര്‍വശത്ത് അവശനിലയില്‍ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കല്‍ ജോബിയെ (45) ബന്ധുക്കളെത്തി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. മരണപ്പെട്ട ജോബിയും പാറേക്കാട്ടുകര സ്വദേശി സിദ്ധാര്‍ത്ഥനും തമ്മില്‍ ഷാപ്പില് വച്ച് ഉച്ചയോടെ വഴക്കുണ്ടായി. തമ്മില്‍ തല്ലുകയും പിടിവലി കൂടുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം മല്‍പ്പിടത്തം നടത്തി നിലത്ത് വീണു കിടക്കുമ്പോഴാണ് അതുവഴി സ്കൂട്ടറില്‍ പോവുകയായിരുന്ന ജിന്റോ സംഭവം കാണുന്നത്.
സ്കൂട്ടറില്‍ നിന്ന് ഇറങ്ങിവന്ന ജിന്റോ ഇരുവരെയും പിടിച്ചുമാറ്റി. വീണ്ടും സ്കൂട്ടറില്‍ കയറിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിന്റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി. സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീഴാന്‍ പോയ ജിന്റോ പ്രകോപിതനായി. കൈ തട്ടി മാറ്റി ജോബിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സിദ്ധാര്‍ത്ഥന്റെയും ജിന്റോയുടെയും മര്‍ദ്ദനത്തിലുമാണ് ജോബിക്ക് പരിക്കേറ്റിട്ടുള്ളത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായി പറയുന്നത്.
സംഭവമറിഞ്ഞ് റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് മഫ്തിയില്‍ പോലീസ് വിശദമായ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് അന്വേഷണം സാധൂകരിക്കുന്നതാണ്. തിരുവോണ ദിവസമായതിനാല്‍ ഉച്ചക്ക് ഷാപ്പ് കുറച്ചുനേരം അടച്ചിട്ടിരുന്നു. ഈ സമയത്താണ് സിദ്ധാര്‍ത്ഥനുമായി ജോബി അടികൂടി കിടന്നതും അതുവഴി വന്ന ജിന്റോയുമായി പ്രശ്നമുണ്ടാകുന്നതും.
പോലീസിന്റെ രഹസ്യമായ അന്വേഷണത്തിലാണ് മരണത്തിന് കാരണമായ പരിക്കുകള്‍ക്കിടയാക്കിയ സംഭവങ്ങള്‍ പുറത്തറിഞ്ഞത്. ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കുശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സംഭവങ്ങളുടെ വ്യക്തതവരുത്തി, ബുധനാഴ്ച വൈകീട്ടാണ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
ജിന്റോ കൊടകര, ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടി കേസിലും ഇടുക്കിയില്‍ കള്ളനോട്ട് കേസിലും മുന്‍പ് ഉള്‍പ്പെട്ടിട്ടുണ്ട്. ആളൂര്‍ എസ്ഐ കെ.എസ്. സുബിന്ത്, കെ.കെ. രഘു, പി. ജയകൃഷ്ണന്, കെ.എസ്. ഗിരീഷ്, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ കെ.എസ്. ഉമേഷ്, സവീഷ്, സുനന്ദ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ടി.ആര്. ബാബു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.