കോടികളുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കോടികളുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ കേസില്വെള്ളാങ്ങല്ലൂര് സ്വദേശി മൂത്തേരി വീട്ടില്‍ എണ്ണ ദിനേശന് എന്ന ദിനേശനെ (54) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം അറസ്റ്റു ചെയ്തു.
എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ് ആവശ്യത്തിനായി ഒരു കോടി രൂപ ലോണ്‍ ശരിയാക്കാമെന്നു പറഞ്ഞ് സമീപിച്ച ദിനേശന് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ പലപ്പോഴായി മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ പ്രൊസസിംഗ് ചാര്‍ജ്ജ് ഇനത്തില്‍ കൈപ്പിറ്റി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല.
വീണ്ടും ഓരോ കാര്യങ്ങള്‍ പറഞ്ഞ് സമയം നീട്ടിയതോടെയാണ് ദിനേശന്റെ തട്ടിപ്പു കഥകള്‍ പരാതിക്കാരന് അറിയുന്നത്. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാന്‍ പ്രൗഡിയോടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചാണ് തട്ടിപ്പിനായി എത്തിയിരുന്നത്. പണം അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു മാത്രമാണ് കൈപ്പറ്റുക. തന്റെ അക്കൗണ്ടില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതാണെന്നും അതിനാല്‍ ഇന്‍കംടാക്സ്, ഇ.ഡി മുതലായ ഏജന്‍സികളുടെ അന്വേഷണം വരുമെന്നാണ് ഇതിന് കാരണമായി കസ്റ്റമേഴ്സിനെ പറഞ്ഞ് പറ്റിച്ചിരുന്നത്.
കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ടായ മറ്റൊരു കേസില്‍ ഒളിവിലായിരുന്ന ദിനേശന് കോടതിയില്‍ നിന്ന് ജാമ്യം നേടി കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഇരിങ്ങാലക്കുടയില്‍ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത് ഇയാള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അറസ്റ്റുചെയ്യുകയായിരുന്നു.
അറസ്റ്റിലായ ദിനേശന് ഇരിങ്ങാലക്കുട സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. വഞ്ചനാ കേസ്സുകളടക്കം ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണ് ദിനേശന്. നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. എസ്. ഐ ആല്‍ബി തോമസ്, സി.എം.ക്ലീറ്റസ്, സീനിയര്‍ സി.പി.ഒ കെവി.സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.