കളികളമായിരുന്നു, ഇപ്പോള്‍ ചെളികളം ഇരിങ്ങാലക്കുട നഗരസഭ മൈതാനം ശോചനീയാവസ്ഥയില്‍
ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം പരിപാടിക്കിടയില്‍ വലിയ വാഹനങ്ങള്‍ കയറിയിറങ്ങി ഉഴുതുമറിച്ച പോലെയായ ഇരിങ്ങാലക്കുട നഗരസഭ മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഇരിങ്ങാലക്കുട: ഞാറ്റുവേല കഴിഞ്ഞു, ഇനി ഞാറുനടുവാന് കാത്തിരിക്കുകയാണ് ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം കായിക പ്രേമികള്‍. ഉഴുതു മറിച്ച് വിത്തിറക്കാന്‍ പാകമായിരിക്കുന്ന അവസ്ഥയിലാണ് നഗരസഭ മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മൈതാനത്തിന്റെ പടിഞ്ഞാറേ അരികില്‍ ഒരിടത്ത് സെപ്റ്റിക് ടാങ്കിന്റെ കുഴിയും മറുഭാഗത്ത് വേസ്റ്റുകള്‍ നിക്ഷേപിച്ച കുഴിയും. ക്രെയിനും ലോറിയും ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ കയറിയിറങ്ങി നഗരസഭയുടെ മൈതാനം ഇപ്പോള്‍ ചെളിപ്പാടമായിരിക്കുകയാണ്.
ശക്തമായ മഴയില്‍ പലപ്പോഴും മൈതാനത്തിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവായതിനാല്‍ അന്നൊന്നും കണ്ടില്ലെന്ന് നടിച്ച നഗരസഭ ഞാറ്റുവേല മഹോത്സവത്തിന് മുന്നോടിയായി മൈതാനത്തിന്റെ ചുറ്റുമുള്ള കാനകളുടെ സ്ലാബുകള്‍ ഇളക്കി മാറ്റി വൃത്തിയാക്കിയിരുന്നു. വടക്കു ഭാഗത്തെ കാന വൃത്തിയാക്കലിന് അല്പം വൃത്തി കൂടിപ്പോയി. കാനകളുടെ വീതി കൂടിയതിനാല്‍ സ്ലാബുകള്‍ പകുതിയും കാനകള്ക്കുള്ളിലെ വെള്ളത്തിലാണ്. പടര്‍ന്നു പന്തലിച്ച് തണലേകിയിരുന്ന ഒരു മരവും ഇവിടെ കട പുഴകി.
ഞാറ്റുവേല മഹോത്സവത്തിന് പിന്നാലെ അതേ വേദിയില്‍ സിപിഐയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും അരങ്ങേറി. ഇതിനിടയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ സെപ്റ്റിക് ടാങ്കിന്റെ കുഴി മൂടി. ഫുഡ് സ്റ്റാളിലെ വേസ്റ്റ് വെള്ളം ഒഴുക്കി വിട്ടിരുന്ന കുഴി ഞാറ്റുവേല മഹോത്സവം കഴിഞ്ഞതിന് പിന്നാലെയും മൂടി. ഇനി ഈ മൈതാനം കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം എന്ന് നേരെയാകും എന്ന ആശങ്ക ബാക്കിയാവുകയാണ്.
മുമ്പ് ഇവിടെ നടത്തിയ കെഎല്‍ 45 മൈതാനത്തേക്ക് വാഹനം കയറിയതിന്റെ പേരില്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ നഗരസഭയാണ് അടുത്ത കാലത്തൊന്നും നേരെയാക്കാന്‍ കഴിയാത്ത വിധം മൈതാനത്തെ നശിപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരേ ലഹരി കളിക്കളങ്ങളാകട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ രാഷ്ട്രീയ നേതാക്കളുടെ കൈകള്‍ തന്നെ ഇരിങ്ങാലക്കുടയുടെ ഹൃദയമായ മൈതാനത്തെ നാശോത്മുഖമാക്കിയതില് കായിക പ്രേമികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ