തീര്‍ഥാടനകാലം എത്തിയിട്ടും കൂടല്‍മാണിക്യം തെക്കേനട റോഡ് തകര്‍ന്നുതന്നെ

കുഴികള്‍ നിറഞ്ഞ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേനട റോഡ്.
ഇരിങ്ങാലക്കുട: നാലമ്പല തീര്‍ഥാടനം ഇന്ന് ആരംഭിക്കും മുന്‍പ് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍. പേഷ്കാര്‍ റോഡ് നവീകരണത്തിന് തദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍ 45 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും നിര്‍മാണം ആരംഭിച്ചിട്ടില്ല. ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ കടന്നു പോകുന്ന തെക്കേനട റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്.
തെക്കേ നട റോഡ്, പേഷ്കാര്‍ റോഡ് എന്നിവ നാലമ്പല തീര്‍ഥാടനത്തിന് മുന്‍പ് അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിഷയം പലതവണ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന് പറഞ്ഞു. പേഷ്കാര്‍ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്. ബിന്ദു ജനുവരിയില്‍ പ്രഖ്യാപനം നടത്തി ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല. തെക്കേ നട റോഡില്‍ ടാറിംഗ് ഇളകി കുഴികള്‍ നിറഞ്ഞ് വശങ്ങള് ഇടിഞ്ഞു തുടങ്ങി.
വലിയ വാഹനങ്ങള്‍ പോകുന്നതോടെ റോഡ് പൂര്‍ണമായും തകരാന്‍ സാധ്യത ഉണ്ടെന്നും റോഡിന്റെ വശങ്ങള് ഇടിയുന്നത് വലിയ വാഹനങ്ങള്‍ക്ക് ഭീഷണിയാകുമെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനം നടന്നെങ്കിലും ഇതും എങ്ങുമെത്താത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തെക്കേനട സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. ഭാരവാഹികളായ ടി. ഗോപിനാഥ്. കെ.ആര്. ഉണ്ണിച്ചെക്കന്, എ. രാജശേഖരന്, കെ.ആര്. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
