സിപിഐ കുട്ടംകുളം സമരത്തിന്റെ 75-ാം വാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ഇരിങ്ങാലക്കുടയില്‍ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 75-ാം വാര്‍ഷികം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കുട്ടംകുളത്തിനു സമീപം തയാറാക്കിയ കൊടിമരത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. മണി, എന്‍.കെ. ഉദയപ്രകാശ്, കെ.വി. രാമകൃഷ്ണന്, കെ.കെ. ശിവന്, കെ.സി. ബിജു, കെ.എസ്. പ്രസാദ്, ഷീല അജയഘോഷ്, ലത സഹദേവന് എന്നിവര്‍ പങ്കെടുത്തു. കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നിലുള്ള കുട്ടംകുളം പരിസരത്തുള്ള റോഡിലൂടെ പിന്നോക്കാധി ജനവിഭാഗങ്ങള്‍ക്കു വഴിനടക്കുവാനുള്ള അവകാശം നിഷേധിച്ചു കൊണ്ട് 1910 ല്‍ ഒരു തീണ്ടല് പലക സ്ഥാപിച്ചിരുന്നു. അതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും എസ്എന്‍ഡിപിയുടേയും പുലയമഹാസഭയുടേയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 1946 ജൂണ്‍ 23 നു കുട്ടംകുളത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. സമരത്തിനു നേതൃത്വം കൊടുത്ത പി. ഗംഗാധരനേയും കെ.വി ഉണ്ണിയേയും വിളക്കുകാലില്‍ കെട്ടിയിട്ട് പോലീസ് നിഷ്ഠൂരമായി മര്‍ദിച്ചു. സമരക്കാര്‍ തീണ്ടല് പലക കുട്ടംകുളത്തിലേക്ക് വലിച്ചെറിഞ്ഞു. ദുരാചരണങ്ങള്ക്കെതിരെ കൊച്ചിരാജ്യത്ത് നടന്ന ഏറ്റവും വലിയ സംഘടിത പ്രക്ഷോഭമായിരുന്നു കുട്ടംകുളം സമരം.