ആളൂരിലെ വയോധികന്റെ മരണം കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂരില്‍ വയോധികന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസുകാരായ രണ്ടു പ്രതികള്‍ അറസ്റ്റിലായി. ആളൂര്‍ കദളിച്ചിറ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ജാസിക് (21) ഊരകം എടപ്പാട്ട് വീട്ടില്‍ അഡ്ലിന് (21) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി.ജി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്യത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി സിബില്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആളൂര്‍ അണ്ടിക്കമ്പനിക്കു സമീപം ഒറ്റക്കു താമസിക്കുന്ന ഐക്കനാടന്‍ രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആദ്യം സ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും സംശയം തോന്നിയ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. മുഹമ്മദ് ജാസിക്കിനെ വ്യാഴായ്ചയും അഡ്ലിനെ വെള്ളിയാഴ്ച ഊരകത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഒന്നാം പ്രതി മുഹമ്മദ് ജാസിക്. ചൊവാഴ്ച ഇരിങ്ങാലക്കുടയിലെത്തിയ അഡ്ലിനെ ജാസിക് ബൈക്കില്‍ കയറ്റി ബിവറേജില്‍ നിന്നു മദ്യം വാങ്ങി ആളൂരിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപിച്ച ഇവര്‍ രാമകൃഷ്ണന്റെ വീടിനു മുന്പില് വന്നു നില്ക്കുന്നതു കണ്ട് ചോദ്യം ചെയ്ത രാമകൃഷ്ണനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ജാസിക്കാണ് രാമകൃഷ്ണനെ ആദ്യം ആക്രമിച്ചത് പ്രാണരക്ഷാര്‍ത്ഥം അകത്തേക്കോടിയ ഇയാളെ പുറകെയെത്തിയ പ്രതികള്‍ ചവിട്ടിയും ഇടിച്ചും മാരകമായി പരുക്കേല്പിച്ചു. തുടര്‍ന്നു രക്ഷപ്പെട്ട ഇവര്‍ രണ്ടു ദിവസം മുങ്ങി നടന്നെങ്കിലും പോലീസിന്റെ കയ്യില്പ്പെട്ടുകയായിരുന്നു. പ്രതികളെ കോവിഡ് മാനദണ്ഡപ്രകാരം മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി. ആളൂര്‍ എസ്.ഐ. കെ.എസ്.സുബിന്ദ്, എസ്.ഐ.മാരായ എം എസ്.പ്രദീപ് ,പി.ജെ. ഫ്രാന്‍സിസ് , സൈമണ്‍, പ്രദീപന്,രവി, ദാസന്, എ.എസ്.ഐ. ടി. ആര്. ബാബു, സീനിയര്‍ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്.ജീവന്, സോണി സേവ്യര്‍, രാഹുല്‍ , അരുണ്‍ കുമാര്‍ മഹേഷ്,സീമ ജയന്, ബിന്ദു എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.