സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഴുവനായും ഓണ്‍ലൈനായി നടത്തിയ ഹാക്കത്തോണിന്റെ സോഫ്റ്റ്വെയര് വിഭാഗത്തിലാണു കുട്ടികള്‍ വിജയം വരിച്ചത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച പ്രോബ്ലം സ്റ്റേറ്റ്മെന്റിനു സോഫ്റ്റ്വെയര് സൊലൂഷന് ഒരുക്കി കുട്ടികള്‍ നേടിയത് ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കേറ്റുമാണ്. രാജ്യത്തുടനീളം വര്‍ധിച്ചു വരുന്ന ഇരുചക്ര വാഹനങ്ങളുടെ മോഷണം തടയുവാനും ഇന്ധനം ചോര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാനുമായാണു ‘തെഫ്റ്റ് ഓഫ് ‘ എന്ന സോഫ്റ്റ്വെയര് സൊലൂഷന് കുട്ടികള്‍ വികസിപ്പിച്ചത്. വാഹനത്തില്‍ ഘടിപ്പിച്ച ആക്സിലറേറ്റര്‍ സെന്‍സര്‍, ജിപിസ് സെന്‍സര്‍, ജിഎസ്എം സെന്‍സര്‍, വൈബ്രേഷന്‍ സെന്‍സര്‍ എന്നിവയുടെ സഹായത്തോടെ മോഷണ സാഹചര്യങ്ങള്‍ മനസിലാക്കി തെഫ്റ്റ് ഓഫ് സോഫ്റ്റ് വെയറിലൂടെ ഉടമസ്ഥനേയും അടുത്തുള്ള മറ്റു ഉപഭോക്താക്കളെയും അറിയിക്കുന്ന സാങ്കേതിക വിദ്യക്കാണു കുട്ടികള്‍ക്കു ഒന്നാം സ്ഥാനം ലഭിച്ചത്. കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികളായ സി. കൃഷ്ണപ്രസാദ്, ആല്ബിന് ജോസഫ്, എലീന സാജന്, ആന്‍ട്രീസ ബെന്നി എന്നിവരും കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികളായ ഐ.എസ്. ശരത്ത്്, ഓസ്റ്റിന്‍ ആന്റണി എന്നിവരും ചേര്‍ന്നാണ് തെഫ്റ്റ് ഓഫ് നിര്‍മിച്ചെടുത്തത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഈ പ്രൊജക്ടിനെ ഒരു പ്രൊഡക്റ്റായി വികസിപ്പിക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അധ്യാപകനും ഈ പ്രൊജക്ടിന്റെ മെന്ഡറുമായ രാഹുല്‍ മനോഹര്‍ അറിയിച്ചു.