മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന് കൊടിയേറി
മാപ്രാണം: വിശുദ്ധ കുരിശിന്റെ പ്രതിഷ്ഠയുമുള്ള മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാള്‍ കൊടിയേറ്റം വികാരി ഫാ. ജോയ് കടമ്പാട്ട് നിര്‍വഹിച്ചു. കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ വച്ച് ആശീര്‍വദിച്ച തിരുനാള്‍ പതാകയും വിശുദ്ധ ദേവസഹായത്തിന്റെയു, വിശുദ്ധ മറിയം ത്രേസ്യയുടെയും തിരുശേഷിപ്പുകളും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പള്ളിയില്‍ എത്തിച്ചത്. അസിസ്റ്റന്റ് വികാരി ഫാ. സ്്റ്റേണ് കൊടിയന്‍, ട്രസ്റ്റിമാരായ ജോസഫ് കാച്ചപ്പള്ളി, ജോണ്സന് അറക്കല്‍, ഷാന്റോ പള്ളിത്തറ എന്നിവരുടെ നേതൃത്വത്തില്തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. സെപ്റ്റംബര്‍ 13, 14, 15 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 13ന് വൈകീട്ട് അഞ്ചിന് സെന്റ് ജോണ്‍ കപ്പേളയില്‍ വിശുദ്ധ കുരിശിന്റെ നൊവേനയും തിരിതെളിയിക്കലും ഉണ്ടാകും. ആള്തൂക്കത്തിലുള്ള തിരികള്‍ തെളിയിച്ച് കുരിശുമുത്തപ്പന് സമര്‍പ്പിക്കുന്നത് ഈ ദേവാലയത്തിന്റെ പ്രധാനപ്പെട്ട വഴിപാടാണ്. രാത്രി എട്ടിന് ഉണ്ണിമിശിഹാ കപ്പേളയില്‍നിന്ന് വാദ്യമേളങ്ങളോടെ പുഷ്പകുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുനാള്‍ ദിനമായ 14ന് രാവിലെ പത്തിന് ആഘോമായ ദിവ്യബലിക്ക് ഫാ. ആന്‍ജോ പുത്തൂര്‍ സിഎംഐ നേതൃത്വം നല്‍കും. ഫാ. ഡേവീസ് ചിറമ്മല്‍ തിരുനാള്‍ സന്ദേശവും നല്‍കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദഷിണവും സമാപനത്തില്‍ യേശുനാഥനെ കുരിശിലേറ്റിയ അതേ കുരിശില്‍ നിന്നുള്ള തിരുശേഷിപ്പിന്റെ പൊതു വണക്കവും ഉണ്ടായിരിക്കും. തോമസ് കോപ്പുള്ളി, ജോഫി അരണാട്ടുക്കാരന്, സിജു തൊമ്മാന, സിസ്റ്റര്‍ ടോംസി എഫ്സിസി, ജെയിംസ് നെല്ലിശേരി, വര്‍ഗീസ് കുറ്റിക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികളും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കുരിശുമുത്തപ്പന്റെ നൊവേന പന്തല്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ വിശിഷ്ഠ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കൊടകര എസ്എച്ച്ഒ ജയേഷ് ബാലന് നിര്‍വഹിച്ചു. ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷനായിരുന്നു.