സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ആസ്ഥാനം കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ ജില്ലാ ആസ്ഥാനമന്ദിരം നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ഇരിങ്ങാലക്കുട മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന് വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലത്താണ് 50 ലക്ഷം ചെലവഴിച്ച് 2400 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മിനി ഹാള്‍, ഓഫീസ്, ഗസ്റ്റ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍, ടൈലിംഗ്, പ്ലംബിംഗ് എന്നിവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കെട്ടിടത്തിന്റെ മുകളില്‍ ഹാള്‍ നിര്‍മിക്കുന്നതിനായി എംഎല്‍എയ്ക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ഭാരവാഹികള്‍ പറഞ്ഞു. 1992 ലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ ആസ്ഥാനമന്ദിരം നിര്‍മാണത്തിനായി സ്ഥലം അനുവദിച്ചത്. രണ്ടു നിലകളിലായിട്ടാണ് കെട്ടിടം തീരുമാനിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങള്‍കൊണ്ട് നിര്‍മാണം നീണ്ടുപോയതിനെത്തുടര്‍ന്ന് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് ഡിപിഐ, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ഹിയറിംഗ് നടത്തി കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്കി. അന്നത്തെ സ്കൂള്‍ അധികാരികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ അത് ഗ്രൗണ്ട് വികസനത്തിന് തടസമാകുമെന്നും കെട്ടിടം മാറ്റിനിര്മിക്കണമെന്നുമാവശ്യപ്പെട്ട് പിടിഎയും പൂര്‍വവിദ്യാര്‍ഥി സംഘടനയും രംഗത്തെത്തി. അത് അംഗീകരിക്കാതെ നഗരസഭ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുകയും നിലമൊരുക്കല്‍ ആരംഭിക്കുകയും ചെയ്തതോടെ ഇരുസംഘടനകളും ഹൈക്കോടതിയെ സമീപിച്ചു. 2020 ഒക്ടോബറില്‍ കെട്ടിടനിര്‍മാണം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. കളിസ്ഥലം നഷ്ടപ്പെടുത്താതെ, സ്റ്റേഡിയം നിര്‍മാണത്തിന് തടസമാകാത്ത രീതിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് പിടിഎയുടെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കെട്ടിടം നിര്‍മിച്ച സ്ഥലം കണ്ടെത്തിയത്.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി