വ്യാപാരികള്‍ മുന്നിട്ടിറങ്ങി, ചന്തക്കുന്നിലെ അപകടക്കുഴികള്‍ അടഞ്ഞു
ഇരിങ്ങാലക്കുട: ചന്തക്കുന്നിലെ അപകടക്കുഴി അടയ്ക്കാന്‍ വ്യാപാരികളും പൊതുപ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇവിടെ നാളുകളായി അപകടകരമായ രീതിയില്‍ ഉണ്ടായിരുന്ന റോഡിലെ കുഴിയാണ് പരിസരത്തുള്ള വ്യാപാരികളും മറ്റും ചേര്‍ന്ന് അടച്ചത്. ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും കുഴിയില്‍പ്പെട്ട് ബൈക്ക് യാത്രികര്‍ അടക്കമുള്ളവര്‍ അപകടത്തില്‍പ്പെടുകയും പലര്‍ക്കും അപകടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. പലതവണ അധികൃതരെ അറിയിച്ചെങ്കിലും കുഴിയടക്കാന്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി വ്യാപാരികള്‍ രംഗത്തിറങ്ങി സിമന്റും മെറ്റലും മറ്റും ഇട്ട് കുഴി അടച്ചത്. നിധീഷ് കാട്ടില്‍, ലിയോ, മയൂഫ്, ഫാന്റം, അഖീഷ്, സെയ്ഗന്‍ എന്നിവര്‍ നേതൃത്വം നല്കി.