ലഹരി വിമുക്ത നവകേരളത്തിനായി കൈകോര്‍ത്ത് സൂപ്പര്‍ താരം ടൊവിനോയും
ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉള്ളപ്പോള്‍ ലഹരി വസ്തുക്കളുടെ ആവശ്യമെന്തിന് എന്ന ചോദ്യമുയര്‍ത്തി പ്രിയതാരം….
ഇരിങ്ങാലക്കുട: ‘ നിങ്ങള്‍ എല്ലാവരും ഹാപ്പിയല്ലേ? എല്ലാവര്ക്കും സന്തോഷവും സമാധാനവുമില്ലേ?’ യുവതലമുറയോടുള്ള ചോദ്യം സൂപ്പര്‍താരം ടൊവിനയുടേത്. ‘ അതേ ‘ എന്ന് ഹര്‍ഷാവരങ്ങളോടെ പുതിയ തലമുറയുടെ മറുപടി .’ ജീവിതത്തില്‍ സ്വാഭാവിക ലഹരി ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് മറ്റ് ലഹരി വസ്തുക്കള്‍ ‘ എന്ന നടന്റെ അടുത്ത ചോദ്യം പുതിയ തലമുറയ്ക്കുള്ള കൃത്യമായ സന്ദേശമായി. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖത്തില്‍ നടത്തുന്ന ‘ യോദ്ധാവ്’ ലഹരി വിരുദ്ധ പ്രചരണത്തിന്റെ വീഡിയോ പ്രകാശനവും ബൈക്ക് റാലിയും ഉദ്ഘാടനം നിര്‍വഹിച്ച്
സംസാരിക്കുകയായിരുന്നു പ്രിയതാരം. നടന്റെ സ്വന്തം തട്ടകമായ ഇരിങ്ങാലക്കുടയിലെ ബസ്സ് സ്റ്റാന്റ് പരിസരമായിരുന്നു വേദി. നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടത് യുവതലമുറയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നു എന്ന് കേള്‍ക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവയെ തടയാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കാന് കഴിയുന്നത് കുട്ടികള്‍ക്ക് തന്നെയാണ്. ലഹരിയോട് ‘ നോ” എന്ന് പറയാന്‍ കുട്ടികള്‍ തയ്യാറാകണം. ജീവിതത്തിന്റെ സ്വാഭാവികമായ സൗന്ദര്യം നിലനിറുത്താന്‍ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ടാണ് ടൊവിനോ തന്റെ വാക്കുകള്‍ നിറുത്തിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ല അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ് ടി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി
,കെപിഒഎ ജില്ലാ പ്രസിഡന്റ് കെ കെ രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി വി യു സില്‍ജോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എസ് ഐ എം എസ് ഷാജന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡിവൈഎസ്പി ബാബു കെ തോമസ് സ്വാഗതവും സി ഐ അനീഷ് കരീം നന്ദിയും പറഞ്ഞു.നേരത്തെ എസ്പിസി കുട്ടികളുടെ നേത്യത്വത്തില്‍ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. പ്രിയ താരത്തിന്റെ വരവറിഞ്ഞ് നൂറുക്കണക്കിന് കുട്ടികളാണ് പരിപാടിക്ക് എത്തിച്ചേര്‍ന്നത്.