അപകടാവസ്ഥയില്‍ നില്ക്കുന്ന കൂടല്‍മാണിക്യം പടിഞ്ഞാറേ നടപ്പുര നവീകരണം; യോഗം വിളിച്ച് ദേവസ്വം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന പടിഞ്ഞാറേ നടപ്പുര നവീകരണത്തിനായി ഭക്തരുടെ യോഗം വിളിച്ച് ദേവസ്വം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചുചേര്‍ത്തിരുന്ന യോഗത്തില്‍ നടപ്പുര പണിയാനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. ഉത്സവകാലത്ത് ശീവേലി നടക്കുന്ന, ക്ഷേത്രത്തിന്റെ രണ്ട് നടപ്പുരകളിലൊന്നാണ് ഇത്. എന്നാല്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് നടപ്പുരകള്‍ അപകട ഭീഷണിയിലാകാന്‍ കാരണം. പടിഞ്ഞാറേ നടപ്പുരയുടെ മേല്‍ക്കൂരയുടെ കിഴക്കേ അറ്റം ഒരടിയോളം മുന്നിലേക്ക് തള്ളിയ നിലയിലാണ്. ഉത്തരങ്ങളും പട്ടികകളുമെല്ലാം ദ്രവിച്ചുതുടങ്ങി. ഉത്തരങ്ങളില്‍ പലതും ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറേ അറ്റത്തെ രണ്ട് തൂണുകളും ചെരിഞ്ഞുനില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ മേല്‍ക്കൂരയില്‍നിന്ന് ഈ തുണുകളിലൂടെയാണ് വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്നത്. മേല്‍ക്കൂര കിഴക്കുഭാഗത്തേക്ക് മുന്നോട്ട് തെന്നിയ കാര്യം വര്‍ഷങ്ങള്‍ക്കുമുമ്പെ തന്നെ ഭക്തജനങ്ങള്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്സവത്തിന് മുമ്പായി യോഗം ചേര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചത്. നവീകരണത്തിന് ഒരു കോടിയിലേറെ രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. നടപ്പുരയുടെ പകുതിയിലേറെ മേല്‍ക്കൂര ദ്രവിച്ച അവസ്ഥയിലാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദേവസ്വത്തിന് വലിയ സാമ്പത്തികബാധ്യത വരുന്ന ഈ നവീകരണപ്രവൃത്തികള്‍ ഒറ്റയ്ക്ക് നടത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് നടപ്പുര നവീകരണത്തിന് ഭക്തജനങ്ങളുടെ യോഗം വിളിച്ചത്.