ഐ ട്രിപ്പിള്‍ ഇ സംസ്ഥാനതല ഡ്രോണ്‍ റോബോട്ടിക്സ് ശില്പശാലയ്ക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ തുടക്കം
ഇരിങ്ങാലക്കുട: എന്‍ജിനീയറിംഗ് പ്രഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിള്‍ ഇയുടെ കൊച്ചി സബ് സെക്ഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വര്‍ക്ഷോപ്പിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ തുടക്കമായി. ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്കാന് ലക്ഷ്യമിട്ട് നടത്തുന്ന ശില്പശാലയില് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഐ ട്രിപ്പിള്‍ ഇ കൊച്ചി സബ് സെക്ഷന്‍ ചെയര്മാന് ഡോ. എം.വി. രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് ഓപ്പണ്‍ ലേണിംഗ് ഡയറക്ടര്‍ സുനില്‍ പോള്‍, സര്‍ഫ് ഇലക്ട്രിക് ആന്‍ഡ് മൊബിലിറ്റി സിഇഒ കെ.എസ്. സായന്ത് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഐ ട്രിപ്പിള്‍ ഇ സ്റ്റുഡന്റ് ആക്ടിവിറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ. യുവരാജ് വേലുസാമി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ്, ഭാരവാഹികളായ എസ്. ഓസ്റ്റിന്‍, ഫ്രാങ്കോ ഡി. ആലപ്പാട്ട്, അഫ്സി ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.