പ്രാര്‍ഥനയുടെ ശക്തിയാല്‍ കൂട്ടായ്മക്ക് വേണ്ടി നിലകൊണ്ടവള്‍ വിശുദ്ധ എവുപ്രാസ്യ: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ എവുപ്രാസ്യമ്മയുടെ 145-ാം ജന്മദിന തിരുനാളിന്റെ തിരുകര്‍മങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജീവിത പ്രതിസന്ധികളില്‍ ദൈവഹിതം നിറവേറ്റിയ വിശുദ്ധ എവുപ്രാസ്യ നമുക്ക് എന്നും മാതൃകയാണെന്നും ലോകത്തുള്ള തിന്മയുടെ പ്രവണതകളെ തിരിച്ചറിയാന്‍ വിശുദ്ധയെപോലെ പ്രാര്‍ഥനയാല്‍ ശക്തി പ്രാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും ബിഷപ് പറഞ്ഞു. എടത്തിരുത്തി ഫൊറോന വികാരി ഫാ. പോളി പടയാട്ടി, സെക്രട്ടറി ഫാ. ജെയിന് കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ വിമല നന്ദി പറഞ്ഞു.