ആളൂരില്‍ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവര്‍ച്ചാശ്രമം നടത്തിയ പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂരില്‍ പെട്രോള്‍ പമ്പ് അടച്ച് പണവുമായി വന്നിരുന്ന മാനേജരെ സ്കൂട്ടറില്‍ കാത്തു നിന്ന് തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കൊടകര മനക്കുളങ്ങര സ്വദേശി അമ്പാടത്ത് വീട്ടില്‍ അമല്‍രാജ് (35), കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശി ഈരയില്‍ വീട്ടില്‍ മധു (കണ്ണന് 36) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, എസ്ഐ കെ.എസ്. സുബിന്ത് എന്നിവര്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പത്തര മണിയോടെ പണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന പുലിപ്പാറക്കുന്ന് പെട്രോള്‍ പമ്പ് മാനേജരാണ് ആക്രമിക്കപ്പെട്ടത്. ആളൂര്‍ ബിഎല്‍എം നു സമീപത്തെ ഇടവഴിയില്‍ കാത്തുനിന്ന പ്രതികള്‍ പരാതിക്കാരന് ബൈക്കില്‍ വരുമ്പോള്‍ ഇരുമ്പു പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. റോഡരികില്‍ നില്ക്കുന്നയാള് പൈപ്പ് വീശുന്നതു കണ്ട് പെട്ടന്ന് ബൈക്ക് വെട്ടിച്ചു ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞതിനാലാണ് അപായമുണ്ടാകാതെ രക്ഷപ്പെട്ടത്. പൈപ്പ് കൊണ്ടുള്ള അടി ബൈക്കിന്റെ തണ്ടില്‍ കൊണ്ടെങ്കിലും വീഴാതെ രക്ഷപ്പെട്ടു. പ്രതികളില്‍ മധു പുറകെ വന്നെങ്കിലും പരാതിക്കാരന് ബൈക്ക് വേഗത്തിലെടുത്ത് രക്ഷപ്പെട്ടു. ഉടനെ പോലീസില്‍ പരാതി നല്കി. ഒന്നാം പ്രതി അമല്‍ രാജിനെക്കുറിച്ച് പരാതിക്കാരന് പോലീസിന് സൂചന നല്കി. ഉടനെ പോലീസ് സംഘം അമല്‍ രാജിന്റെ വീട്ടിലെത്തി വീടുവളഞ്ഞാണ് രണ്ടു പേരെയും അറസ്റ്റു ചെയ്തത്. പരാതിക്കാരന് തിരിച്ചറിഞ്ഞെന്നു സംശയം തോന്നിയതിനാല്‍ അമല്‍രാജിനെ വീട്ടിലാക്കി മധു രക്ഷപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് പോലീസ് എത്തിയത്. അമല്‍രാജ് 2007 ല്‍ കോടാലി ശ്രീധരന് ഉള്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സ്വര്‍ണകവര്‍ച്ച കേസില്‍ പ്രതിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കാനാണ് കവര്ച്ചക്കിറങ്ങിയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൃത്യത്തിന് ഇവര്‍ എത്തിയ സ്കൂട്ടറും ആക്രമണത്തിനുപയോഗിച്ച ഇരുമ്പു പൈപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐ മാരായ ഇ.ആര്. സിജുമോന്‍, ദാസന് മുണ്ടയ്ക്കല്‍, എഎസ്ഐ സി.ഒ, ജോഷി, സീനിയര്‍ സിപിഒ മാരായ റിക്സന്, സി. മധു, ബിലഹരി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.