ആറ് വര്‍ഷത്തിനിടയില്‍ പൊതു വിദ്യാലയത്തില്‍ എത്തിയത് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍: മന്ത്രി കെ. രാജന്
കോണത്തുക്കുന്ന്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം കുട്ടികളാണ് സ്വകാര്യ മേഖലയില്‍ നിന്നും പൊതു വിദ്യാലയങ്ങള്‍ എത്തിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കാരുമാത്ര ഗവണ്മെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷം വഹിച്ചു. പൂര്‍വ അധ്യാപകരും വിദ്യാര്‍ഥികളും കൈമാറിയ ദീപങ്ങളില്‍ നിന്നും നിലവിലെ സ്കൂള്‍ വിദ്യാര്‍ഥികളും പ്രധാനധ്യാപികയും 101 തിരികള്‍ തെളിയിച്ച് മുഹൂര്‍ത്തം ധന്യമാക്കി. ശതാബ്ദിതന് ഉത്സവദിനത്തില്‍ സ്വാഗതമരുളുന്നു എന്ന ഗാനത്തോടെ ആയിരുന്നു തുടക്കം. സംഘാടകസമിതി കണ്‍വീനറും സ്കൂള്‍ ഹെഡ്മിസ്ട്രെസും ആയ പി. സുമ സ്വാഗതം പറഞ്ഞു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ബ്ലോക്ക് മെമ്പര്‍മാരായ പ്രസന്ന അനില്‍കുമാര്‍, അസ്മാബി ലത്തീഫ്, വാര്‍ഡ് മെമ്പര്‍മാരായ ടി.കെ. ഷറഫുദ്ദീന്, നിഷാ ഷാജി, നസീമാന് നാസര്‍, ഷിബി അനില്‍, വര്‍ഷ പ്രവീണ്‍, സമീര്‍ റഷീദ്, സംഘാടക സമിതി അംഗങ്ങളായ ഉണ്ണികൃഷ്ണന്, സബീല ഫൈസല്‍, മീഡിയ കോര്‍ഡിനേറ്റര്‍ പികെഎം അഷ്റഫ്, സ്കൂള്‍ ലീഡര്‍ കെ.ജി. അഭിഷേക്, അസീജ അസീസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തൃശൂര്‍ ജനനയനയുടെ ഫോക്ക് ഈവ് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.