കുടിവെള്ള കണക്ഷന് അപേക്ഷിക്കാന്‍ ക്യൂആര്‍ കോഡ്
ഇരിങ്ങാലക്കുട: വാട്ടര്‍ അതോറിറ്റിയുടെ ജല്‍ജീവന്‍ മിഷന് പദ്ധതിയിലൂടെ ഗാര്‍ഹിക കുടിവെള്ള കണക്ഷന് വേണ്ടവര്‍ക്ക് ഇനി ഓഫീസില്‍ പോയി സമയം കളയേണ്ടതില്ല. ക്യൂആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്താല്‍ കണക്ഷന് ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തുകള്‍, ഗുണഭോക്താക്കള്‍ എന്നിവരെ പങ്കാളികളാക്കി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന് രജിസ്ട്രേഷനായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട സബ് ഡിവിഷന് കീഴിലുള്ള കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, ചേര്‍പ്പ്, വല്ലച്ചിറ, പാറളം, താന്ന്യം പഞ്ചായത്തുകളില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക കണക്ഷന് നല്‍കുന്നുണ്ട്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപഭോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, വിലാസം, പഞ്ചായത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍ എന്നിവ സമര്‍പ്പിച്ചാല്‍ കണക്ഷന് നല്‍കും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതിവെക്കണം. ഗാര്‍ഹികേതര കണക്ഷന് ആവശ്യമുള്ളവര്‍ക്ക് ജല അതോറിറ്റിയുടെ etapp.kwa എന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. നഗര പ്രദേശങ്ങളിലും ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളുടെ അപേക്ഷ ഈ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. കൂടാതെ എല്ലാ കണ്‍സ്യൂമര്‍ സര്‍വീസുകളും ഈ സംവിധാനം വഴി ലഭിക്കും.