ചരിത്രനിര്‍മ്മിതിയാകാന്‍ ഇരിങ്ങാലക്കുട കോടതി സമുച്ചയം;
നിര്‍മ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ടനിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അറുപത്തിനാല് കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നതിന്റെ അവസാനഘട്ടമാണ് ഈ ഭരണാനുമതിയോടെ നടക്കുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറ് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് ഇരിങ്ങാലക്കുട കോടതി സമുച്ചയമൊരുങ്ങുന്നത്. അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവയ്ക്കുള്ള ഇടവുമായിരിക്കും. തൊട്ടു മുകളിലത്തെ നിലയില്‍ ബാര്‍ കൗണ്‍സില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്സ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ ബേസ്മെന്റ് ഫ്ലോറില്‍ കാന്റീന് സൗകര്യവുമുണ്ടാകും. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യുണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ താഴത്തെ നിലയിലായിരിക്കും. ഒന്നാംനിലയില്‍ അഡിഷണല്‍ സബ് കോടതി, പ്രിന്‍സിപ്പല്‍ സബ് കോടതി, ജഡ്ജസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍, രണ്ടാംനിലയില്‍ ഫാമിലി കോടതി, കൗണ്‍സലിംഗ് സെക്ഷന്‍, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോര്‍ട്ട് യാര്‍ഡ് മൂന്നാം നിലയില്‍ കോടതി മുറികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ്, സെന്‍ട്രല്‍ ലൈബ്രറി, മീഡിയ റൂം, നാലാം നിലയില്‍ അഡിഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജസ് ചേംബര്‍, ഓഫീസ് റെക്കോര്‍ഡ്സ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിങ്ങനെയാണ് സമുച്ചയം. കൂടാതെ ജഡ്ജിമാര്‍ക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും ഉണ്ടാകും. ലിഫ്റ്റ് സൗകര്യവും ടോയിലറ്റ് സൗകര്യവും പൊതുജനങ്ങള്‍ക്ക് പ്രത്യേകമായുണ്ടാവും. ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാം ഘട്ടത്തോടെ പൂര്‍ത്തിയാവും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. എല്ലാ നിലകളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.