ജനങ്ങള്‍ പൊരിവെയിലില്‍; പൊളിച്ചു നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മിച്ചില്ല
ഇരിങ്ങാലകുട: ജനറല്‍ ആശുപത്രിയിയ്ക്ക് മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊളിച്ചു നീക്കിയിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയെടുത്തീട്ടില്ല. ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. വേനല്‍ കടുത്തതോടെ പൊരിവെയിലില്‍ ബസ്കാത്ത് നില്‍ക്കേണ്ട ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിച്ചാണ് പൊതുമരാമത്ത് വകുപ്പ് ബസ് കാത്തിരിപ്പു കേന്ദ്രം പുനര്‍നിര്‍മിക്കുന്നത്. ബസ്കാത്തിരിപ്പു കേന്ദ്രം വരെയുള്ള ഭാഗം ഠാണ ചന്തക്കുന്ന് വികസനത്തില്‍ ഉള്‍പ്പെടുന്നതാണ്. ബസ്റ്റോപ്പ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട ഗവ. ആശുപത്രിക്ക് മുന്പിലെ ബസ്സ്റ്റോപ്പ് ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.