ആളൂര്‍ പഞ്ചായത്തിനും ശുദ്ധ ജലവിതരണ പദ്ധതി; 119 കോടിരൂപയുടെ ഭരണാനുമതിയായി
ആളൂര്‍ പഞ്ചായത്തിനും ശുദ്ധ ജലവിതരണ പദ്ധതി; 119 കോടിരൂപയുടെ ഭരണാനുമതിയായി; ലക്ഷ്യമിടുന്നത് 7550 ഗാര്‍ഹിക കണക്ഷനുകള്‍; മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഡോ. ആര്. ബിന്ദു
ആളൂര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആളൂര്‍ കൊടകര ശുദ്ധജലവിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട, മുരിയാട്, വേളൂക്കര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒരു മാസം മുമ്പ് നടന്നുകഴിഞ്ഞു. മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്. ആളൂര്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സമഗ്ര കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ് ചാലക്കുടിപ്പുഴയാണ്. വെള്ളം ശുദ്ധീകരിച്ച് അണുനശീകരണം നടത്തി 7550 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. പദ്ധതിവഴി ആളൂര്‍ പഞ്ചായത്തിലെ പൊരുന്നുംകുന്നില്‍ പത്ത് ദശലക്ഷം ലിറ്ററിന്റെയും ഉറുമ്പന്‍കുന്നിലെ രണ്ടു ലക്ഷം ദശലക്ഷം ലിറ്ററിന്റെയും ജലസംഭരണി വരും. ഇതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജല വിതരണം നടത്താനാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. നാട്ടിക ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എച്ച്.ജെ. നീലിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മാള ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാന്, അഡ്വ. എം.എസ്. വിനയന്, ഷൈനി തിലകന്, ധിപിന്‍ പാപ്പച്ചന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല സഗീര്‍, എ.സി. ജോണ്സന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ സ്വാഗതവും കേരള വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.കെ. വാസുദേവന്‍ നന്ദിയും പറഞ്ഞു.