നിര്‍ധന കുടുംബങ്ങള്‍ക്കുള്ള കാറളത്തെ ഫ്ളാറ്റ് സമുച്ചയം; രണ്ട് വര്‍ഷമായിട്ടും ചുമരുകള്‍ മാത്രം
ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം
കാറളം: തലചായ്ക്കാനിടമില്ലാത്ത ഒരുപറ്റം നിര്‍ധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ലൈഫ് മിഷന് വെള്ളാനിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം പാതിയില്‍ നിലച്ചു. ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020ല്‍ നിര്‍മാണം തുടങ്ങിയ കെട്ടിടമാണ് താഴത്തെ നിലയുടെ ചുമരുകളായി നില്‍ക്കുന്നത്. നിര്‍മാണത്തൊഴിലാളികളുടെ കുറവാണ് പദ്ധതി പാതിയില്‍ നിലയ്ക്കാന്‍ കാരണം. ഇവിടേക്കായി നിയോഗിച്ചിരുന്ന തൊഴിലാളികളെ മറ്റ് ജില്ലകളിലെ ലൈഫ് ഭവനപദ്ധതികള്‍ക്കായി നിയോഗിച്ചു. 2020 സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍മാണോദ്ഘാടനം നടത്തി. മന്ത്രി എ.സി. മൊയ്തീന്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, വൈസ് പ്രസിഡന്റ് സുനിത മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറുമാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് സമുച്ചയത്തിന്റെ ഒന്നാംനിലപോലും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. തൂണുകളുടെ ഇരുമ്പു കമ്പികളെല്ലാം മേല്പ്പോട്ട് നോക്കി നില്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. നിര്‍മാണം ആരംഭിച്ച സമയത്ത് സ്ഥലത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലംകൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. താലൂക്ക് സര്‍വേയര്‍ അതിരുകള്‍ തിരിച്ചുനല്കിയതിനു ശേഷമാണ് നിര്‍മാണം ആരംഭിച്ചത്.
ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ച് 72 കുടുംബങ്ങള്‍
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റില്‍ രണ്ടു ബ്ലോക്കുകളിലായി 72 ഫഌറ്റുകളാണ് ലൈഫ് മിഷന് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണം 43,000 ചതുരശ്ര അടിയാണ്. പാര്‍പ്പിട യൂണിറ്റുകള്‍ക്കു പുറമെ വയോജനപരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയും ഉണ്ടാകും. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണു ലൈഫ് മിഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
തുടക്കത്തിലേ കല്ലുകടി
വെള്ളാനിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന് ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംപി ടി.എന്‍. പ്രതാപനു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ യുഡിഎഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. കാറളം ഗ്രാമപഞ്ചായത്ത് 13ാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭൂരഹിത ഭവനരഹിതര്‍ക്കുവേണ്ടി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 84 സെന്റ് ഭൂമിയിലാണു ജനറല്‍ വിഭാഗത്തിനുവേണ്ടിയുള്ള ഭവനനിര്‍മാണം നടത്തുന്നതെന്നാണു പട്ടികമോര്ച്ചയുടെ ആരോപണം.
ലൈഫ്മിഷന് നേരിട്ട് നടത്തുന്ന പദ്ധതിയാണ്. ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. -സീമ പ്രേംരാജ് (കാറളം പഞ്ചായത്ത് പ്രസിഡന്റ്)
ലൈഫ്മിഷന് നേരിട്ട് നടത്തുന്ന പദ്ധതിയാണ്. ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പറഞ്ഞു.