സേവ് വൈഷ്ണവി; കരള്വൃക്കമാറ്റിവയ്ക്കല് ചികിത്സാചെലവിലേക്ക്ഒരു ദിവസത്തെ കളക്ഷന്‍ നല്കാന് സ്വകാര്യബസുകള്‍
ഇരിങ്ങാലക്കുട: കരള്‍വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം തേടുന്ന വൈഷ്ണവി സാലീഷിന് കൈത്താങ്ങായി ഇരിങ്ങാലക്കുട തൃപ്രയാര്‍ റൂട്ടിലോടുന്ന ബസ് സര്‍വീസുകള്‍. ചികിത്സാചെലവിലേക്ക് ഒരുദിവസത്തെ കളക്ഷന്‍ തുക നല്‍കുമെന്ന് ഇരിങ്ങാലക്കുട തൃപ്രയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ അസോസിയേഷനുകളും വൈഷ്ണവി ചികിത്സാസഹായ സമിതി ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 28ന് നടത്തുന്ന സര്‍വീസില്‍നിന്നും ലഭിക്കുന്ന തുക ചികിത്സാചെലവിലേക്ക് നല്‍കുമെന്ന് ബസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
എടത്തിരുത്തി പൊനത്തില്‍ പരേതനായ ബാലകൃഷ്ണന്റെ മകന് സലീഷിന്റെ ഭാര്യ വൈഷ്ണവിയാണ് (34) അടിയന്തര ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലാണ് വൈഷ്ണവി ഇപ്പോള്‍. വൈഷ്ണവിയുടെ ജീവന് നിലനിര്‍ത്തുന്നതിന് വൃക്കയും കരളും എത്രയുംവേഗം മാറ്റിവയ്ക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം. രണ്ടു ശസ്ത്രക്രിയകള്‍ക്കും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ചെലവു വരിക. നിര്‍ധന കുടുംബാംഗമായ വൈഷ്ണവിക്കും ഭര്‍ത്താവിനും ഈ തുക താങ്ങാവുന്നതിനപ്പുറമാണ്. ഭര്‍ത്താവിനും ആറുവയസുകാരിയായ മകള്‍ക്കും വയോധികയായ അമ്മയ്ക്കും ഭര്‍തൃമാതാവിനും ഒപ്പമാണ് വൈഷ്ണവി കഴിയുന്നത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിയാണ് വൈഷ്ണവിയുടെ ജീവന് ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ഭാര്യയുടെ ചികിത്സാകാര്യങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചാണ് സാലീഷ് കൂടെ നില്‍ക്കുന്നത്.
വൈഷ്ണവിയുടെ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായി ബെന്നി ബഹന്നാന് എംപി, ഇ.ടി. ടൈസണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസസിഡന്റ് സി.കെ. ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ഫല്ഗുണന്, എടത്തിരുത്തി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. നിഖില്‍, പഞ്ചായത്ത് ആസൂത്രണകാര്യ ഉപാധ്യക്ഷന്‍ വി.കെ. ജ്യോതിപ്രകാശ് എന്നിവര്‍ രക്ഷാധികാരികളായും എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ചെയര്മാന് 16ാം വാര്‍ഡ് മെമ്പര്‍ സജീഷ് സത്യന് കണ്‍വീനറായും വൈഷ്ണവി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. എടത്തിരുത്ത ഫെഡറല്‍ ബാങ്കില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് പൊനത്തില്‍ സാലീഷിന്റെ പേരില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. സഹായങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് എടത്തിരുത്തി ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍: 12580100173597, ഐഎഫ്എസ്സി :FDRL000 1258, ഗൂഗിള്‍പേ നമ്പര്‍ പി.ബി. സാലീഷ്: 9633563362