പച്ചക്കുട പദ്ധതി; അവലോകനയോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക പുരോഗതി ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പച്ചക്കുട പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു. സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി രൂപ വീതം വകയിരുത്തി നടപ്പിലാക്കുന്ന രണ്ടു പ്രധാനപ്പെട്ട പദ്ധതികളുടെ അവലോക യോഗമാണ് ചേര്‍ന്നത്. വെള്ളാനി പുളിയമ്പാടം സമഗ്രവികസനവും പടിയൂര്‍ പൂമംഗലം കോള്‍ വികസനവും സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരും ജനപ്രതിനികളുമായി ചര്‍ച്ച നടത്തി. നേരത്തെ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത് പ്രകാരം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പ്രൊജക്ടിന്മേലാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പൂര്‍ണ്ണ പിന്തുണയോട് കൂടി ഉടന്‍തന്നെ ഡിപിആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ നേട്ടം കൈവരിക്കാനാകും.