ആളൊഴിഞ്ഞ കെട്ടിടത്തില്‍ അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതായി കണ്ടെത്തി
പഞ്ചായത്തും ആരോഗ്യവിഭാഗവും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
അരിപ്പാലം: പടിയൂര്‍ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവുകേന്ദ്രം പഞ്ചായത്ത് അധികൃതരുടെയും കാട്ടൂര്‍ പോലീസിന്റെയും ഇടപെടലുകള്‍മൂലം അടപ്പിച്ചു. വാര്‍ഡ് എട്ടില്‍ മതിലകം റോഡില്‍ പീസ് സ്കൂളിന് മുമ്പായി റോഡില്‍നിന്ന് നീങ്ങി പണി പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലാണ് മാടുകളെ കൊണ്ടുവന്ന് അറവ് നടത്തിയിരുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതുമൂലം നമ്പര്‍പോലും ലഭിച്ചിട്ടില്ല.
ഈ കെട്ടിടത്തിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനധികൃതമായി കന്നുകാലികളെ കശാപ്പുചെയ്ത് മറ്റിടങ്ങളിലെത്തിച്ച് വില്പന നടത്തിയിരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരം പഞ്ചായത്തില്‍ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാതെയും മലിനജലം പുറത്തേക്കുവിട്ടുമാണ് അനധികൃത അറവ് ഒരാഴ്ചയായി നടന്നുവന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് പറഞ്ഞു. പഞ്ചായത്തധികൃതരും പോലീസും സ്ഥലത്തെത്തിയപ്പോള്‍ മതിലകം സ്വദേശികളാണ് ഇവിടെ ഉണ്ടായിരുന്നത്. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു ഈ കെട്ടിടപരിസരം. കഴിഞ്ഞദിവസം പഞ്ചായത്തിലെ ജീവനക്കാരെത്തി കന്നുകാലികളെ അറുക്കരുതെന്നു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അനധികൃത അറവ് തുടരുകയായിരുന്നു. അറത്ത കന്നുകാലികളുടെ തല, തോല്, എല്ലുകള്‍ എന്നിവ മുറിക്കകത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. വളരെ വൃത്തിഹീനമായ സാഹചര്യമായിരുന്നു ഇവിടെ.
മലിനജലം കെട്ടികിടന്നിരുന്നു. മാംസം കയറ്റിക്കൊണ്ടുപോകുന്നതിനായി എത്തിയ വാഹനവും കെട്ടിടത്തിനുള്ളില്‍ ഡ്രമ്മിലാക്കിയ നിലയില്‍ അറവുമാലിന്യങ്ങളും പറമ്പില്‍ അറക്കാനുള്ള കന്നുകാലികളെയും അധികൃതര്‍ കണ്ടെത്തി. 25000 രൂപ പിഴ ചുമത്തി. വാര്‍ഡ് മെമ്പര്‍ ജോയ്സി ആന്റണി, എഴാംവാര്‍ഡ് മെമ്പര്‍ പ്രഭാത്, മെഡിക്കല്‍ ഓഫീസര്‍ ജിത്തു കെ.ജോര്‍ജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സോണിയ സി.ജോണി, സുറുമി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.