പട്ടാപ്പകല്‍ വീടുകയറി ഗുണ്ടാ ആകമണം; ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ വീടുകയറി വൃദ്ധയെയും മകനെയും മരുമകളെയും പേരകുട്ടിയെയും മര്‍ദിച്ചു. കരുവന്നൂര്‍ പുത്തന്‍തോട് ഷാപ്പിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനിവീട്ടില് ഓമനയുടെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആക്രമണമുണ്ടായത്. കരുവന്നൂര്‍ ജനത കോളനിയില്‍ താമസിക്കുന്ന നിരവധികേസുകളില് പ്രതിയായ കുന്നമത്ത് വീട്ടില്‍ അനൂപ് എന്ന് പേരുള്ള അക്കുടു(28)ആണ് ആക്രമണം നടത്തിയത്. ഓമന(51), മരുമകന് കുട്ടാട്ടില്വീട്ടല് സൗമേഷ്(34), മകള്‍ അഞ്ജന(27), പേരക്കുട്ടി പ്രാര്‍ഥന(ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍കയറി വടിവാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. ലഹരിയില്‍ വടിവാളുമായി സ്കൂട്ടറില്‍ വീട്ടിലെത്തിയ യുവാവ് ഗേറ്റ് ഇടിച്ചുതുറക്കുകയായിരുന്നു.
ഈ സമയം വീടിനു മുന്നില്‍ ഇരുന്നിരുന്ന അഞ്ജന ഉടന്‍തന്നെ വീടിന്റെ അകത്തുകയറി വാതിലടച്ചു. ഇതോടെ യുവാവ് വീടിനു പുറകിലൂടെ അകത്തുകയറുവാന്‍ ശ്രമിക്കുകയായിരുന്നു. വീടിനു പുറകില്‍നിന്ന ഓമനയ്ക്കുനേരെ വടിവാള്‍ വീശുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിടുകയും കുടംകൊണ്ട് തലക്കടിക്കുകയുംചെയ്തു. ഓമനയെ മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ അഞ്ജനയെയും മര്‍ദിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറുവയസുള്ള പ്രര്‍ഥനയ്ക്കു യുവാവിന്റെ വടിവാള്‍ വീശലില്‍ സാരമായി പരിക്കേറ്റു. കൈക്കാണ് മുറിവേറ്റത്.
വീടിനകത്തുണ്ടായിരുന്ന സൗമേഷിന്റെ കഴുത്തില്‍ വടിവാള്‍വച്ച് പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും മര്‍ദിക്കുകയുംചെയ്തു. വീട്ടിലെ പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പടെ വലിച്ചെറിഞ്ഞു. പരിക്കേറ്റ ഇവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. മുമ്പും ഇയാളില്‍നിന്നു നിരവധിതവണ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ അനൂപ് നിലവില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡിയാണ്.