ഇരുമ്പുചട്ടയുടെ മറയിലല്ല, മറിച്ച് ജനമധ്യത്തിലാണ് ഭരണാധികാരി ഇരിക്കേണ്ടത്: വി.എം. സുധീരന്
രാഷ്ട്രീയം ജനസേവനത്തിന്, അധികാരം ജനനന്മക്ക് എന്ന് തെളിയിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി
ഇരിങ്ങാലക്കുട: ഇരുമ്പുചട്ടയുടെ മറയിലല്ല ഭരണാധികാരി ഇരിക്കേണ്ടത് മറിച്ച് ജനമധ്യത്തിലാണെന്ന് തെളിയിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓര്‍മകളില്‍ ഉമ്മന്ചാണ്ടിഎന്ന അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനസേവനത്തിന്, അധികാരം ജനനന്മക്ക് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കിയ വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. നേതൃരംഗത്ത് ഏറെ സവിശേഷതകളുള്ള വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാധിപത്യം മാനിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവയ്ക്ക് പരിഹാരം കാണുന്നതിനും ഭരണാധികാരി പരിശ്രമിക്കണം. നയപരമായ വിഷയങ്ങളില്‍ വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. ജനാധിപത്യമര്യാദ പാലിച്ചുകൊണ്ട് വിഷയങ്ങളില്‍ നല്ല നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ അദ്ദേഹത്തിന്റെ നല്ല ജനാധിപത്യവാദിയെയാണ് നാം കാണേണ്ടതെന്നും വി.എം. സുധീരന് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ എം.പി. ജാക്സണ് അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി കെ.ബി. ശശികുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, സതീഷ് വിമലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മോളി ജേക്കബ്, ഗീത മനോജ് എന്നിവര്‍ പ്രസംഗിച്ചു.