സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ പിടിഎയും ഒഎസ്എയും
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആസ്ഥാനമന്ദിരത്തിന്റെ കെട്ടിടനിര്മാണപ്രവര്ത്തനങ്ങള് ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്ന നടപടികളാണു ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ സ്കൂള്‍ പിടിഎയും ഒഎസ്എയും രംഗത്തെത്തി. ഗ്രൗണ്ടിനോടു ചേര്‍ന്ന് 40 സെന്റ് സ്ഥലമാണു സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള കെട്ടിടനിര്‍മാണം ഭാവിയിലെ ഗ്രൗണ്ട് വികസനത്തിനു തടസമാകുമെന്നു സ്കൂള്‍ പിടിഎയും ഒഎസ്എയും ആരോപിച്ചു. ഭാവിയില്‍ ബോയ്സ് സ്കൂളില്‍ വരാന്‍ പോകുന്ന സ്റ്റേഡിയം അടക്കമുള്ള സ്പോര്‍ട്സ് സബ് സെന്ററിനായുള്ള നടപടികള്‍ നടക്കുന്നതിനിടെയാണു ഗ്രൗണ്ടിനു സമീപത്തുതന്നെയായി 40 സെന്റ് സ്ഥലം നഷപ്പെടുന്നത്. ഈ കെട്ടിടത്തിലേക്കു മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഗ്രൗണ്ടിന്റെ ഒരു വശം വഴിക്കായി നീക്കിവയ്ക്കേണ്ടിവരും. ബോയ്സ് ഹൈസ്കൂളിനകത്തു വിഎച്ച്എസ്ഇ കെട്ടിടങ്ങളും ഹയര്‍ സെക്കന്‍ഡറി കെട്ടിടങ്ങളും ഈ അടുത്തു നിര്‍മിച്ചിരുന്നുവെങ്കിലും സ്ഥലപരിമിതി ഒരു പ്രധാന വിഷയമായി നിലനിന്നപ്പോള്‍ പോലും സ്കൂളിന്റെ ഗ്രൗണ്ടോ അതിനു സമീപത്തെ സ്ഥലങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാതിരുന്നതു സ്പോര്‍ട്സ് സബ് സെന്ററിനായുള്ള കാത്തിരിപ്പുള്ളതിനാലായിരുന്നു. ഗ്രൗണ്ടിന്റെ വികസനത്തിനു തടസമാകാതെ കെട്ടിടം ഗ്രൗണ്ടിനോടു ചേര്‍ന്നു നിര്‍മിക്കാതെ വടക്കേ അതിര്‍ത്തിയിലേക്കു ഒതുക്കി നിര്‍മിക്കണമെന്നാണു തങ്ങളുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി. 1992 ലാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നു 40 സെന്റ് സ്ഥലത്ത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിനു അനുവദിക്കുന്നത്. പിന്നീട് 2017 ല്‍ ഓഫീസ് റൂമും സ്റ്റോര്‍ റൂമും ഹാളും അടക്കമുള്ള കെട്ടിട നിര്‍മാണത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു അനുവദിച്ചത്. കെട്ടിടം നിര്‍മിക്കാനായി ഡിപിഐ, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നു ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയായിരുന്നു. നിരോധനാജ്ഞയുള്ള സാഹചര്യത്തില്‍ അനധികൃതമായിട്ടാണു ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ അനവാശ്യമാണെന്നും നഗരസഭയില്‍ കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ കെട്ടിടനിര്‍മാണത്തിനു അനുമതി ലഭിച്ചതാണെന്നും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടത്തുന്നതെന്നും നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുര്യന് ജോസഫ് പറഞ്ഞു.