രോഗം മാറാന്‍ ദുരിതം മാറാന്‍ മന്ത്രവാദം, സി.സി.ടി.വി ചതിച്ചു. ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51 )യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാള്‍ പിന്നീട് ഉടമകള്‍ അറിയാതെ അവരുടെ വീട്ടു പറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്, വിഗ്രഹങ്ങള്‍ കുഴിച്ചിടും. പിന്നീട് ഇയാള്‍ തന്നെ തന്റെ ദിവ്യദൃഷ്ടിയില്‍ ഇവ കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും.
ബിസിനസ്സ് തകരുമെന്നും മാരക അസുഖങ്ങള്‍ക്കും കാരണമെന്നും ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് രംഗങ്ങള്‍ ഒരുക്കുന്നത്. പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകള്‍ പുറത്തെടുത്തു. എന്നാല്‍ ഇവര്‍ പോയശേഷം ഇവിടത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍ നിന്ന് ഏലസുകള്‍ കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി.
പരാതി വന്നതോടെ കേസെടുത്ത പോലീസ് വ്യാജ സിദ്ധനെ തന്ത്രത്തില്‍ പൊക്കി. ചോദ്യം ചെയ്യലിന് തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നു സംശയിക്കുന്നതായി ഡി.വൈ.എസ്.പി. കെ. ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ സി.എം.ക്ലീറ്റസ്, സുധാകരന്, സീനിയര്‍ സി.പി.ഒ മാരായ എന്‍.എല്‍. ജെബിന്, കെ.എസ്. ഉമേഷ്, ഇ.എസ്.ജീവന്, രാഹുല്‍ അമ്പാടന്‍, സോണി സേവ്യര്‍, സൈബര്‍ സെല്‍ സി.പി.ഒ സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.