പൊറത്തൂചിറയില് മാലിന്യങ്ങള്‍ അടിയുന്നു, പ്രദേശവാസികള്‍ ദുരിതത്തില്‍
ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവും തോട്ടിലേയ്ക്ക് ഒഴുകുന്നു
നഗരസഭ വാര്‍ഡ് 35, 36 പ്രദേശത്ത് ചിറ അടച്ചിട്ട സ്ഥലത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഓയിലിന്റെ അംശം
ഇരിങ്ങാലക്കുട: പൊറത്തിശേരി പൊറത്തൂചിറയില് മാലിന്യം വന്നടിയുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിക്കുന്ന കല്ലരിത്തോടാണ് പൊറത്തിശേരി പൊറത്തൂചിറയില് എത്തിച്ചേരുന്നത്. കാലങ്ങളായി ഈ തോട് വഴി മാലിന്യമെത്താറുണ്ടെങ്കിലും ഈ വര്‍ഷം അതിരൂക്ഷമായ അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 35, 36 പ്രദേശത്ത് ചിറ അടച്ചിട്ട സ്ഥലത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഓയിലിന്റെ അംശം ഉള്ളത് ഇരിങ്ങാലക്കുട ഭാഗത്തുള്ളവര്‍ക്ക് ഷോപ്പുകളില്‍ നിന്നുള്ള മാലിന്യം ഈ തോട്ടിലേയ്ക്ക് ഒഴുകുന്നത് മൂലമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഇതുകൂടാതെ ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവും വരെ ഈ തോട്ടിലേക്കാണ് പലരും ഒഴുക്കിവിടുന്നത്. പ്രദേശത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്റെ നേതൃത്വത്തില്‍ വെള്ളം ശേഖരിച്ച് ജലപരിശോധനയ്ക്കായി നല്‍കുകയും നഗരസഭയില്‍ പരാതി വീണ്ടും നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ മുമ്പും പരാതികള്‍ നല്‍കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുയും ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ചിറയില്‍ നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനാല്‍ കൃഷിയും നശിക്കുന്ന അവസ്ഥയിലാണെന്നും പ്രദേശത്തെ കിണറുകളിലെ വെള്ളവും ഇത് മൂലം മലിനമായ സ്ഥിതിയാണെന്നും ഇവര്‍ പറഞ്ഞു. പൊറത്തുചിറയെ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി.